കാസർകോട്: ഭീഷണിപ്പെടുത്തി മൊബൈൽ ഷോപ്പ് ഉടമയിൽ നിന്ന് 20 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാജിത എന്ന യുവതിയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് മെയിൽ തട്ടിപ്പ് സംഘം മുമ്പും സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നു. 2019 നവംബറിലായിരുന്നു ഇത്. ഈ കേസ് ഇപ്പോൾ അനേഷണം പൂർത്തിയായി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഘട്ടത്തിലാണ്. കാസർകോട് സ്വദേശിയായ പ്രവാസി വ്യവസായിയെ വീടും സ്ഥലവും വില്പന നടത്താനുണ്ടെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചു വീട്ടിലേക്ക് വരുത്തി വാതിൽ അടച്ചുപൂട്ടി അന്യായ തടങ്കലിൽ വയ്ക്കുകയും യുവതിയുടെ കൂടെ പിടിച്ചുനിർത്തി ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി 24,400 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
വ്യവസായിയുടെ പഴ്സിൽ നിന്നും എ.ടി.എം കാർഡ് തട്ടിയെടുത്ത സംഘം പിറ്റേ ദിവസം 24000 രൂപ പിൻവലിച്ചു. നവംബർ 28 ന് വീണ്ടും വീട്ടിൽ എത്തിയ സാജിതയുടെ സംഘത്തിലെ നാലുപേർ നിർബന്ധിച്ചു ഒപ്പിടുവിച്ച ശേഷം ചെക്ക് ലീഫ് തട്ടിയെടുത്തും കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ തട്ടിപ്പിന് ഇരയായ ആളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. യുവതിയുടെയും സംഘത്തിന്റെയും ബ്ലാക്ക് മെയിൽ തട്ടിപ്പിന് ഇരയായ നിരവധി പേർ മാനംപോകുമെന്ന് കരുതി പൊലീസിൽ പരാതി നൽകാതെ ഒഴിഞ്ഞു മാറിയിട്ടുണ്ടെന്ന് പറയുന്നു.
ഫോൺ വിളിച്ച് വ്യാജ വിവരം നൽകി വീട്ടിൽ എത്തിച്ച ശേഷം യുവതിയുടെ കൂടെ നിർത്തി ഫോട്ടോയും വീഡിയോയും എടുത്താണ് സംഘം ബ്ലാക്ക് മെയിൽ തട്ടിപ്പ് നടത്തുന്നത്. ചില വ്യാപാരികൾ, പ്രവാസി വ്യവസായികൾ, ഉദ്യോഗസ്ഥർ, ബിസിനസുകാർ ഉൾപ്പെടെ പലരും ഈ തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങിയ ഉപ്പളയിലെ ജാസ് മൊബൈൽ ഷോപ്പ് ഉടമ മുഹമ്മദ് സാക്കിറിന്റെ പരാതിയിലാണ് കാസർകോട് ചൗക്കിയിലെ സാജിത (31)യുടെ പേരിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷിക്കുന്നത്. മൊബൈൽ കടം വാങ്ങിയ വകയിൽ നൽകാനുള്ള 5000 രൂപ തരാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തി ഗുണ്ടകളുടെ സഹായത്തോടെ കുരുക്കാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സാക്കിർ ബ്ലാക്ക് മെയിൽ തട്ടിപ്പ് സംഘത്തിനെതിരെ കാസർകോട് ഡിവൈ. എസ്. പി പി. ബാലകൃഷ്ണൻ നായർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇവർക്കായി കാസർകോട് ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.