പെരിയ (കാസർകോട് ): ആചാര സ്ഥാനികർക്ക് കൈത്താങ്ങായി ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ഭക്ഷണസാധനങ്ങൾ അടങ്ങിയ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. കൊവിഡ് നിയന്ത്രണം കാരണം വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, പൂരാഘോഷങ്ങൾ, തെയ്യങ്ങൾ കെട്ടിയാടുന്ന കളിയാട്ടങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കപ്പെട്ടതിനാൽ ജീവിതമാർഗം അടഞ്ഞുപോയ ആയിരക്കണക്കിന് ആചാര സ്ഥാനികരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞാണ് സഹായഹസ്തവുമായി സമിതി രംഗത്തുവന്നത്.

സമുദായത്തിലെ ആചാരക്കാർ, മറ്റിതര സമുദായങ്ങളിലെ ആചാരസ്ഥാനികർ, കോലധാരികൾ ഉൾപ്പെടെ ആയിരത്തോളം പേർക്കാണ് ഓണക്കിറ്റ് നൽകിയത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പെരിയ ശ്രീനാരായണ കോളേജിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി. രാജൻ പെരിയ ഉദ്ഘാടനം നിർവഹിച്ചു. സമിതി രക്ഷാധികാരി ചന്ദ്രശേഖര കാരണവർ, സെക്രട്ടറി ഡോ. കെ.വി ശശിധരൻ, ട്രഷറർ ഐശ്വര്യ കുമാരൻ, എം.കെ. കൃഷ്ണൻ കല്ല്യോട്ട്, ശിവരാമൻ മേസ്ത്രി, സുകുമാരൻ ആരിക്കാടി, പി. ദാമോദരൻ പണിക്കർ, തമ്പാൻ അച്ചേരി, സി. കമലാക്ഷൻ കണ്ണൻകുഞ്ഞി, എം.വി. നാരായണൻ, നാരായണൻ പിലിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു. സമിതി ജനറൽ സെക്രട്ടറി നാരായണൻ ചൂരിത്തോട് സ്വാഗതവും ട്രഷറർ വി.വി.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

പടം.. ആചാര സ്ഥാനികർക്ക് ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ ഓണക്കിറ്റും ഓണക്കോടിയും പ്രസിഡന്റ് സി. രാജൻ പെരിയ വിതരണം ചെയ്യുന്നു