കാസർകോട്: ചെമ്മനാട് പഞ്ചായത്തിലെ തെക്കിലിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ദിവസവും കൂടുന്ന സാഹചര്യത്തിൽ പ്രദേശത്ത് പൊലീസ് നിയന്ത്രണം കർശനമാക്കി.
തെക്കിലിലെ സ്‌കൂളിൽ നടത്തിയ ആന്റിജൻ പരിശോധനയ്ക്കായി 44 പേരാണ് എത്തിയത്. തെക്കിലിൽ നേരത്തെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സമ്പർക്ക പട്ടികയിൽ ഉള്ളവർക്കാണ് പരിശോധന നടത്തിയത്. പഞ്ചായത്തിൽ 113 കൊവിഡ് ബാധിതരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. തെക്കിൽ പള്ളിക്കര, തെക്കിൽപാലം റോയൽലൈൻ, ബന്താട് ദേലംപാടി റോഡുകൾ പൂർണ്ണമായി അടച്ചിട്ടു. തെക്കിൽ അമ്പട്ട റോഡ് പൊലീസ് നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്.
നീലേശ്വരത്ത് നാളെ സമ്പൂർണ്ണ ലോക്ക്ഡൗൺ
നീലേശ്വരം നഗരസഭാ പരിധിയിൽ നാളെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആരോഗ്യ ജാഗ്രതാ പരിപാലന സമിതി യോഗം തീരുമാനിച്ചു. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവ്വീസുകൾക്ക് ഇളവു നൽകും. ഞായറാഴ്ച നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ, വകുപ്പുതല ടെസ്റ്റുകൾ എന്നിവയ്ക്ക് തടസ്സമില്ല.