കണ്ണൂർ: ജില്ലയിൽ കൊവിഡ് 19 കേസുകൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ കൂടി പ്രയോജനപ്പെടുത്താമെന്ന് ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകി സർക്കാർ ഇതിനകം മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
രോഗ ലക്ഷണങ്ങൾ ഉള്ള രോഗബാധിതരെ ചികിത്സിക്കുന്നതിന് നാല് സർക്കാർ ആശുപത്രികളാണ് ജില്ലയിലുള്ളത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതർക്കു വേണ്ടി ഏഴ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ കൂടുതൽ സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഈ സൗകര്യങ്ങൾ കൊണ്ട് മാത്രം എല്ലാ തരം രോഗികളെയും ഉൾക്കൊളളുക പ്രയാസമായിരിക്കും. അതുകൊണ്ട് പ്രകട രോഗലക്ഷണങ്ങൾ ഉള്ളവരുടെ ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. ജില്ലയിൽ ഏതാനും സ്വകാര്യ ആശുപത്രികളിൽ ഇതിനകം കൊവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്വകാര്യ ആശുപത്രികളിൽ മറ്റു രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്ക് കൊവിഡ് ചികിത്സ ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കണം. ഇത് മറ്റു സ്വകാര്യ ആശുപത്രികൾ കൂടി മാതൃകയാക്കണമെന്നും കൂടുതൽ സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്കായി മുന്നോട്ട് വരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു.