കണ്ണൂർ: ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റൈൻ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. 60 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവർ, ഗർഭിണികൾ, ശ്വാസകോശ രോഗമുള്ളവർ, വൃക്കരോഗികൾ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ തുടങ്ങി റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ടവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാനുള്ള സാദ്ധ്യതകൾ പൂർണമായും ഒഴിവാക്കണം. ഇവർ സ്വന്തം വീടുകളിൽ തന്നെ കഴിയുന്നുണ്ടെന്ന് മറ്റുള്ളവർ ഉറപ്പുവരുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.
കല്യാണങ്ങൾ, മരണാനന്തര ചടങ്ങുകൾ, ആളുകൾ ഒരുമിച്ചുകൂടുന്ന മറ്റ് ആഘോഷങ്ങൾ എന്നിവയിൽ നിന്നും ഇവർ മാറി നിൽക്കേണ്ടതാണ്. ആശുപത്രി സന്ദർശനം പോലെയുള്ള അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്ത് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാർഡുതല ജാഗ്രാതാസമിതികൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.