കണ്ണൂർ: ജില്ലയിലെ ജയിലുകളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തടവുകാർക്കും ജീവനക്കാർക്കും പരിശോധന നടത്തി. സെൻട്രൽ ജയിൽ, സബ് ജയിൽ, സ്‌പെഷ്യൽ സബ് ജയിൽ, വനിതാ ജയിൽ എന്നിവിടങ്ങളിലെ തടവുകാർക്കും ജീവനക്കാർക്കുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്. എല്ലാവരും ഫലം നെഗറ്റീവ് ആണ്. തലശേരി സബ് ജയിലിൽ ഇന്ന് പരിശോധന നടത്തും.
സംസ്ഥാനത്തെ വിവിധ ജയിലുകളിലായി മുന്നൂറോളം തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിൽ, കൊല്ലം ജില്ലാ ജയിൽ തുടങ്ങിയ ജയിലുകളിലെ തടവുകാർക്കാണ് കൂടുതലായും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ജയിലിനുള്ളിൽ തന്നെ പ്രത്യേക ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.
ജയിലുകളിൽ രോഗം വ്യാപകമാകുന്നത് ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയായിട്ടുണ്ട്. ഇതേ തുടർന്ന് പലരും നീണ്ട അവധിയിൽ പ്രവേശിച്ചിരിക്കയാണ്. ജയിലുകളിൽ രോഗം വ്യാപകമായാൽ സമൂഹവ്യാപനമുണ്ടായെന്ന് ഉറപ്പിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജയിലിൽ കഴിയുന്നവർ പുറത്ത് നിന്നുള്ള മറ്റു സമ്പർക്കത്തിൽ ഏർപ്പെടാത്തവരുമാണ്.