തളിപ്പറമ്പ്: കിളി ശല്യത്തിൽ പൊറുതിമുട്ടി കർഷകർ. ചെറുതാഴത്തെ അതിയടം, പുറച്ചേരി പാടശേഖരങ്ങളിലാണ് കൂട്ടമായി കിളികൾ എത്തി കൊയ്യാറായ കതിരുകൾ കൊണ്ടുപോകുന്നത്.
പ്രാവ് , തത്ത, മൈന, മയിൽ ഉൾപ്പെടെയുള്ളവയുണ്ട് ഇവയിൽ. 90 ദിവസം കൊണ്ട് പാകമാകുന്ന മനുരത്ന വിത്തുപയോഗിച്ച് കൃഷിയിറക്കിയ പാടങ്ങളിലാണ് ശല്യമേറെ.
മറ്റ് വഴികൾ ഒന്നും ഇല്ലാത്തതിനാൽ കർഷകർ പകലന്തിയോളം പഴയ ടിന്നുകളും, അലൂമിനിയം കുടങ്ങളും, ഉപയോഗിച്ച് ഉച്ചത്തിൽ കൊട്ടി ശബ്ദമുണ്ടാക്കി കിളികളെ ഓടിക്കുകയാണ്. വേഗത്തിൽ പാകമാകുന്നതിനാൽ പഞ്ചായത്തിലേക്ക് മുഴുവൻ ആവശ്യമായ വിത്ത് എടുക്കുന്നതിനായി ആണ് അതിയടം പാടശേഖരത്തിലെ മൂന്ന് ഏക്കറോളം സ്ഥലത്ത് മനുരത്ന കൃഷിയിറക്കിയത്. കൃഷിഭവൻ മുഖേന ശേഖരിച്ച് കർഷകർക്ക് വിത്തായി നൽകും. മറ്റു നെൽവിത്തുകൾ പാകമാകാൻ 120 ദിവസമെങ്കിലും വേണം. വേഗം വിളവ് കിട്ടുന്നതിനാൽ കര കൃഷിക്കും, ജലദൗർലഭ്യം ഉള്ള രണ്ടാംവിള കാലത്തും ഇത് ഏറെ പ്രയോജനം ചെയ്യും. ഉല്പാദനക്ഷമത കൂടുതലുമാണ്. ഹെക്ടറിന് എട്ടു ടൺ വരെ നെല്ല് ലഭിക്കും. കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നാണ് നേരിട്ട് വിത്ത് കൊണ്ടുവന്നത്.
കിളികൾ കൂട്ടമായി എത്തി കതിർക്കുലകൾ മുറിച്ചെടുത്ത് വലിയ മരത്തിൽ ചെന്നിരുന്ന് കൊത്തിത്തിന്നുകയാണ്. രാവിലെയും വൈകുന്നേരവും ആണ് കൂടുതൽ ആക്രമണം.
കർഷകരായ പി.വി രവി, പി.വി ലക്ഷ്മണൻ