തലശേരി: വർഷങ്ങളായി നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്തുക്കളും കേസിൽ ഉൾപ്പെട്ട സ്വത്തുക്കളും വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്നതായി പരാതി. ഇതു സംബന്ധിച്ച അണ്ടലൂരിലെ ശൈലജ തലശേരി സബ് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് ശൈലജയുടെ ഭൂമി മറ്റൊരാൾക്ക് മറിച്ചു വിൽക്കുന്നതിന് പിന്നിൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് പരാതി. 17ന് വൈകിട്ട് ആറു മണിക്ക് ശേഷം വില്ലേജ് ഓഫീസ് തുറന്ന് ഈ കേസിലെ പ്രതി കൂടിയായ വില്ലേജ് ഓഫീസർ രേഖകൾ കടത്തിയെന്നാണ് ഇവരുടെ പരാതി.
നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്തുക്കളും കേസിൽ ഉൾപ്പെട്ട സ്വത്തുക്കളും വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കുന്ന വൻ സംഘം തലശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഈ സംഘത്തിന്റെ ഒത്താശയോടെ 2017 വരെയുള്ള ജില്ലാ രജിസ്ട്രാർ ഓഫീസിലെ വിലപ്പെട്ട രേഖകൾ നശിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. സർക്കാർ ഓഫീസിലെ രേഖകൾ 20 വർഷം വരെ സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെയാണ് രേഖകൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നു പറഞ്ഞ് 2017 വരെയുള്ള രേഖകൾ വൻ സ്വാധീനമുപയോഗിച്ച് പ്രത്യേക അനുമതിയോടെ നശിപ്പിച്ചിട്ടുള്ളത്.
തലശേരിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലയിലെ ഏതു സ്ഥലത്തെ സ്വത്തുക്കളും രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. ഇത്തരത്തിൽ രജിസ്ട്രേഷന് എത്തുന്ന സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ അതത് സബ് രജിസ്ട്രാർ ഓഫീസിൽ വേരിഫിക്കേഷന് അയയ്ക്കണമെന്നാണ് നിയമം.
ഉടമയറിയാതെ രജിസ്റ്റർ: മുൻ സബ്ബ് രജിസ്ട്രാറടക്കം മൂന്നുപേർക്കെതിരെ കേസ്
അതേ സമയം ഉടമ അറിയാതെ ഭൂമി മറ്റൊരാൾക്ക് രജിസ്റ്റർ ചെയ്തു നൽകിയെന്ന പരാതിയിൽ മുൻ സബ്ബ് രജിസ്ട്രാർ, ആധാരം തയ്യാറാക്കിയ ആൾ, വില്ലേജ് ഓഫീസർ, വസ്തു വാങ്ങിയ ആൾ എന്നിവരെ പ്രതിചേർത്ത് തലശ്ശേരി പൊലീസ് കേസെടുത്തു. തലശ്ശേരിയിലെ റിട്ട. സബ് രജിസ്ട്രാർ വിജയൻ ,ആധാരം എഴുത്തുകാരൻ ഇ.പ്രദീപൻ, അന്നത്തെ മയ്യിൽ വില്ലേജ് ഓഫീസർ, ഭൂമി വാങ്ങിയ മയ്യിലെ ടി.വി. മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. - പട്ടാനൂരിലെ രയരോത്ത് പുത്തൻവീട്ടിൽ രാഘവൻ നമ്പ്യാരാണ് പരാതിക്കാരൻ. മയ്യിൽ വില്ലേജിൽ പരാതിക്കാരന്റെ പേരിലുള്ള 1.21 ഏക്കർ സ്ഥലം ഉടമ അറിയാതെ മുഹമ്മദ് കുഞ്ഞിക്ക് രജിസ്റ്റർ ചെയ്തു നൽകിയ സംഭവമാണ് പരാതിക്കാധാരം.