കണ്ണൂർ: സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കൊവിഡ് കാരണം ആർക്കും ഇത്തവണ ഓണം നഷ്ടമാകരുതെന്നും അതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 88 ലക്ഷത്തോളം വീടുകളിൽ ഓണകിറ്റുകൾ എത്തിക്കുന്നത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ്. എന്നാൽ ആഘോഷത്തിന്റെ പൊലിമ വീടുകളിൽ മാത്രമൊതുക്കി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷനായി. ജൂബിലി ഹാളിൽ നടക്കുന്ന ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവ്വഹിച്ചു. ഫെയർ 30 ന് സമാപിക്കും.
ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈൻ വഴിയും, കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, വാർഡ് കൗൺസിലർ ലിഷ ദീപക്, സപ്ലൈകോ ജില്ലാതല ഡിപ്പോ മാനേജർ കെ രാജീവ് തുടങ്ങിയവർ നേരിട്ടും പങ്കെടുത്തു.