തൃക്കരിപ്പൂർ: കാക്കകളുടെയും പരുന്തിന്റെയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാതിരാകൊക്കിന് ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ഇന്നലെ ഉച്ചയോടെ തൃക്കരിപ്പൂരിലെ ഹോട്ടലുടമ പേക്കടത്തെ സി. ചന്ദ്രനാണ് പക്ഷിയെ റെയിൽവൈ സ്റ്റേഷൻ പരിസരത്ത് അവശനിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊതുപ്രവർത്തകരായ കണ്ണൻ ചെറുക്കാനം, എം.പി. ബിജീഷ് എന്നിവർ കൊക്കിനെ കൊയോങ്കരയിലുള്ള തൃക്കരിപ്പൂർ ഗവ. മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചിറകിന്റെ അസ്ഥികൾ ഒടിഞ്ഞു തൂങ്ങിയ പറവയ്ക്ക് സീനിയർ വെറ്റിനറി സർജൻ ഡോ. പി. പ്രശാന്ത് ആവശ്യമായ ചികിത്സ നൽകി. മാരകമായി പരിക്കേറ്റ ഇടതുചിറകിന്റെ ഒരുഭാഗം മുറിച്ചു നീക്കേണ്ടി വന്നു. വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് ബീറ്റ് ഓഫീസർ കെ. വിശാഖ് എത്തി പക്ഷിയെ കൊണ്ടുപോയി.
പകൽ വിശ്രമിക്കുകയും രാത്രി ഇരതേടുകയും ചെയ്യുന്ന പാതിരാക്കൊക്കിന്റെ ശാസ്ത്രീയ നാമം ' നൈക്റ്റികൊറിക്സ്' എന്നാണ്.