നീലേശ്വരം: കൊവിഡ് 19 ഉം ഓഫീസ് അവധിയും മുതലെടുത്ത് അനധികൃതമായി പണിയുന്ന കെട്ടിടം നഗരസഭ അധികൃതർ പൊളിച്ച് നീക്കി. കോട്ടപ്പുറം ഓർച്ച റോഡിൽ ബേക്കറി പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇന്നലെ നഗരസഭ എൻജിനീയറിംഗ് വിഭാഗവും റവന്യു വിഭാഗവും ഇടപെട്ട് പൊളിച്ചുനീക്കിയത്.
കെട്ടിടം അനധികൃതമാണെന്ന് കാണിച്ച് നേരത്തെ നഗരസഭ നോട്ടീസ് നൽകിയത് വകവയ്ക്കാതെയാണ് ഇന്നലെ വീണ്ടും കെട്ടിടം പണിയാൻ തുടങ്ങിയത്. ഇത് നാട്ടുകാർ നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി. നീലേശ്വരം പൊലീസും സ്ഥലത്തെത്തിയിരുന്നു. നഗരസഭ അസിസ്റ്റന്റ് എൻജീനീയർ സി. രജീഷ്, റവന്യു ഇൻസ്പെക്ടർ കെ. മനോജ് കുമാർ, നഗരസഭ കൗൺസിലർമാർ എന്നിവരും സംഭവസ്ഥലത്തുണ്ടായിരുന്നു. പിന്നീട് കെട്ടിട ഉടമ തന്നെ അനധികൃതമായി പണിത കെട്ടിടം പൊളിച്ചുനീക്കാമെന്ന് നഗരസഭയ്ക്ക് ഉറപ്പ് നൽകി.
അച്ചാംതുരുത്തി.-കോട്ടപ്പുറം പാലവും, കടിഞ്ഞി മൂല ഓർച്ച പാലവും തുറന്നതോടെ ഇതുവഴിയുള്ള വാഹന തിരക്ക് കുടിയിരുന്നു. അനധികൃത കെട്ടിടം പണിയുന്ന വളവിൽ റോഡിന് തീരെ വീതി കുറവാണ്. മൂന്ന് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പറ്റാതെ ഇവിടെ അപകടങ്ങളും തുടർക്കഥയായിരുന്നു.