കാഞ്ഞങ്ങാട‌്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച‌് കാഞ്ഞങ്ങാട് നഗരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോരക്കച്ചവടം നോർത്ത് കോട്ടച്ചേരി മുതൽ വ്യാപര ഭവൻ വരെയുള്ള സ്ഥലത്ത് കർശനമായി നിരോധിക്കാൻ തീരുമാനിച്ചു. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നവർ കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി നഗരസഭയിൽ അപേക്ഷ നൽകേണ്ടുന്നതും ഇത്തരം അപേക്ഷകർക്ക് ആലാമിപള്ളി പുതിയ ബസ് സ്റ്റാൻഡിൽ സൗകര്യം നൽകുകയും ചെയ്യുന്നതാണ്.
ബസ‌് പാർക്കിംഗ്, വാഹന പാർക്കിംഗ്, പൂക്കച്ചവടം, വഴിയോര വ്യാപാരം തുടങ്ങി എല്ലാ മേഖലയ‌്ക്കും നിയന്ത്രണം ബാധകമാണ‌്. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടാകണം. അഞ്ചു പേരിൽ കൂടുതൽ ആളുകൾ കടകളിൽ സാധനം വാങ്ങാൻ കൂട്ടം കൂടരുത‌്. കടകളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ വൈകിട്ട‌് ഏഴുവരെയായി നിജപ്പെടുത്തി. ബസുകളുടെ പാർക്കിംഗ് ഇനിമുതൽ പുതിയ ബസ‌്സ്റ്റാൻഡിലായിരിക്കും. ബസ്സുകൾ കോട്ടച്ചേരി ബസ‌്സ‌്റ്റാൻഡിൽ ആളുകളെ ഇറക്കിയ ശേഷമാണ‌് പാർക്കിംഗ് കേന്ദ്രമായ പുതിയ ബസ‌്സ‌്റ്റാൻഡിലെത്തേണ്ടത‌്.
ഓട്ടോറിക്ഷകളും ടാക‌്സികളും പഴയ ബസ‌്സ‌്റ്റാൻഡിലും മറ്റു വാഹനങ്ങൾ നഗരസഭ ഏർപ്പെടുത്തിയ പാർക്കിംഗ് സ്ഥലങ്ങളിലും പാർക്കു ചെയ്യണം. അന്യദേശത്തുനിന്നും പുറമേനിന്നുമുള്ള പൂക്കച്ചവടം പൂർണമായി നിരോധിച്ചു. പ്രാദേശിക പൂവുകൾ പുതിയ ബസ‌്സ്റ്റാൻഡിൽ അനുമതിയോടെ വിൽക്കാം.
യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം.പി. ജാഫർ, ടി.വി. ഭാഗീരഥി കൗൺസിലർമാരായ കെ. മുഹമ്മദ്കുഞ്ഞി, എം.എം നാരായണൻ, സി.കെ വത്സലൻ, ഡിവൈ.എസ്.പി വിനോദ് കുമാർ, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് എന്നിവർ സംബന്ധിച്ചു