bsnl

കണ്ണൂർ: ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾ പതിയെ മാറിവരുന്നുണ്ടെങ്കിലും ബി.എസ്.എൻ.എൽ കരാർ ജീവനക്കാർ ഇപ്പോഴും കുരുക്കിൽ തന്നെ. എട്ടുമാസമായി പണിയും കൂലിയുമില്ലാതെ ആത്മഹത്യയുടെ വക്കിലാണ് കണ്ണൂർ എസ്.എസ്.എസ്.എയുടെ കീഴിൽ ജോലിചെയ്യുന്ന 400 ഓളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും.

എഴു മാസത്തെ കുടിശികയാണ് ഇവർക്ക് ഇപ്പോൾ ലഭിക്കാനുള്ളത്. എക്സ്ചേഞ്ചുകളിൽ പലതും പൂട്ടുകയും പ്രതിഷേധത്തെ തുടർന്ന് ജോലി നൽകാതിരിക്കുകയുമാണ് ഇപ്പോൾ മാനേജ്മെന്റ് സ്വീകരിച്ച നയം. മാഹി മുതൽ മഞ്ചേശ്വരം വരെയാണ് കണ്ണൂർ എസ്.എസ്.എസ്.എ പരിധി. മാർച്ച് 23ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇവർക്ക് ഇന്നേവരെ തൊഴിൽ ലഭിച്ചിട്ടില്ല. കിട്ടാനുള്ള കുടിശിക തുകയുടെ കാര്യത്തിലും ഒരനക്കവുമില്ല. തൊഴിലാളികൾക്ക് സംഘടനയുണ്ടെങ്കിലും അംഗബലം കുറവായതിനാൽ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളൊന്നും ഇവരുടെ വിഷയം ശ്രദ്ധിക്കുന്നില്ല.

1999ൽ ടെലികോം വകുപ്പാണ് സംസ്ഥാനത്ത് 7000 കരാർ തൊഴിലാളികളെ നിയമിച്ചത്. പിന്നീട് 2000ൽ ബി.എസ്.എൻ.എൽ ആയി മാറിയപ്പോൾ തൊഴിലാളികളെയും കമ്പനിക്ക് കൈമാറുകയായിരുന്നു. 2010ൽ വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ 39 ദിവസം നീണ്ട സമരം നടത്തിയിരുന്നു. ഇതാണ് അധികാരികളുടെ കണ്ണിലെ കരടായി മാറാൻ ഇടയായത്. ഫ്രാഞ്ചൈസികളോട് കാട്ടുന്ന പരിഗണനപോലും കരാർ തൊഴിലാളികളോട് കാട്ടുന്നില്ലെന്നാണ് ആക്ഷേപം.

നിയമപരിഷ്കരണം വിനയായി

2014ൽ പി.എഫ് പരിധിയിൽ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും തൊഴിലാളികൾക്ക് ഇതുവരെ അതിന്റെ പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. പല ഘട്ടങ്ങളിലായി പരിഷ്‌കരിച്ച നിയമം തൊഴിലാളികൾക്ക് വിനയായി മാറുകയും ചെയ്തു. കരാർ തൊഴിലാളികൾ ചെയ്യുന്ന ജോലിക്ക് ലൈൻമാൻ സാക്ഷിപത്രം നൽകണം എന്നാണ് വ്യവസ്ഥ. 30 വർഷത്തിലധികം സർവീസുള്ള ഇവരെ സ്ഥിരപ്പെടുത്തണമെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നെങ്കിലും, ബി.എസ്.എൻ.എൽ അതിനെതിരെ അപ്പീൽ നൽകി. തൊഴിലാളികളിൽ പലർക്കും ഇനി മറ്റൊരു അവസരം ലഭിക്കാത്തത്ര പ്രയപരിധി കഴിയുകയും ചെയ്തു.


ബൈറ്റ്

കരാർ തൊഴിലാളികളെ അകാരണമായി പീഡിപ്പിക്കുന്ന മനാജ്‌മെന്റിന്റെ സമീപനം അവസാനിപ്പിക്കണം . ഫ്രാഞ്ചൈസികൾക്ക് കുടിശിക തീർത്ത് നൽകിയപ്പോൾ അതിന്റെ പകുതിപോലും തുകവേണ്ടാത്ത തൊഴിലാളികളുടെ ഏഴ് മാസത്തെ കുടിശിക അനുവദിക്കാത്തത് നീതീകരിക്കാൻ കഴിയില്ല- കെ.പി. സതീഷ് ബാബു ,ബി.എസ്.എൻ.എൽ വർക്കേഴ്സ് യൂണിയൻ കാസർകോട് മേഖലാ പ്രസിഡന്റ്.

220 എക്സ് ചേഞ്ച്

2 ലക്ഷം കണക്ഷൻ