തൃക്കരിപ്പൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽ കാലുടുക്കി ഷോക്കേറ്റ പത്രവിതരണക്കാരന് പൊതുപ്രവർത്തകരായ രണ്ടു സഹോദരങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചു കിട്ടി. കൊയോങ്കരയിലെ കെ. ധനൂപിനാണ് (32) ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ നടക്കാവ് മുണ്ട്യക്ക് സമീപത്തെ റോഡിൽ വച്ച് ഷോക്കേറ്റത്.

പത്രവിതരണത്തിന് ഉപയോഗിച്ചിരുന്ന സൈക്കിളിൽ നിന്നിറങ്ങി തൊട്ടടുത്ത വീട്ടിലേക്ക് പത്രം എത്തിക്കാൻ നടന്നു പോകുന്നതിനിടയിലാണ് പൊട്ടിവീണ വൈദ്യുതി കമ്പി കാലിൽ കുരുങ്ങിയത്.തുടർന്ന് ധനൂപിന്റെ വെപ്രാളവും നിലവിളിയും കേട്ട് പരിസരവാസിയും സഹോദരങ്ങളുമായ പി.സനൽ, സുനിൽ എന്നിവർ ഞൊടിയിടയിൽ പാഞ്ഞെത്തി കാലിൽ കെണിഞ്ഞ കമ്പി ഉണങ്ങിയ മരക്കൊമ്പ് ഉപയോഗിച്ച് തന്ത്രപൂർവ്വം വേർപെടുത്തിയതാണ് ഈ യുവാവിന്റെ ജീവൻ തിരിച്ചു കിട്ടാനിടയായത്. ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുഖം പ്രാപിച്ചു വരുന്നു.കാലിൽ പൊള്ളിയിട്ടുണ്ടെങ്കിലും ദുരന്തം ഒഴിവായതിലുള്ള ആശ്വാസത്തിലാണ് ധനൂപിന്റെ കുടുംബം. സനലും സുനിലും ഡി.വൈ.എഫ് ഐ സജീവ പ്രവർത്തകരും ധനൂപ് യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റുമാണ്.