വിരമിച്ചവർക്ക് കൺസൾട്ടന്റുമാരായി നിയമനം

പ്യൂൺ മുതൽ സൂപ്രണ്ടുവരെ നിരവധി ഒഴിവുകൾ

വകുപ്പുമേധാവികളില്ലാതെ സുപ്രധാന ഓഫീസുകൾ

മാഹി: കഴിഞ്ഞ അഞ്ച് വർഷമായി ഒരൊറ്റ നിയമനം പോലും നടത്താത്തതിനാൽ മാഹിയിലെ വിവിധ ഓഫീസുകളിൽ പ്യൂൺ തൊട്ട് സൂപ്രണ്ട് തലം വരെ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. സുപ്രധാന ഓഫീസുകളിലൊന്നും വകുപ്പ് മേധാവികളുമില്ല.

അതേസമയം, സർവ്വീസിൽ നിന്ന് വിരമിച്ചവരെ വിവിധ വകുപ്പുകളിൽ കൺസൾട്ടന്റുമാരായി നിയമിക്കുന്നുമുണ്ട്. പിരിയുമ്പോൾ ലഭിച്ച ശമ്പളത്തിൽ നിന്നും പെൻഷൻ തുക കഴിച്ച് ബാക്കി സംഖ്യ വേതനമായി ലഭിക്കുകയും ചെയ്യും.

ലേബർ എജുക്കേഷനിലാണ് ഏറ്റവുമൊടുവിൽ കൺസൾട്ടന്റ് നിയമനം നടന്നിട്ടുള്ളത്. ആയുർവ്വേദ മെഡിക്കൽ കോളജ്, നഗരസഭാ കാര്യാലയം, തുടങ്ങിയ സ്ഥാപനങ്ങളിലും പെൻഷൻ പറ്റിയവരെ ഇത്തരത്തിൽ നിയമിച്ചിട്ടുണ്ട്. തൊഴിലിനു വേണ്ടി വർഷങ്ങളായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തുകെട്ടിക്കിടക്കുന്ന അഭ്യസ്തവിദ്യരെ കണ്ടില്ലെന്നു നടിച്ചാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നത്. ഇതോടെ ഫലത്തിൽ മാഹി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
ഗവ. പ്രസ്സിലെ അസിസ്റ്റന്റ് ഡയറക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ട്രഷറി ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ അക്കൗണ്ട്സ് ആൻഡ് ട്രഷറീസ്, ലേബർ ഇൻസ്പെക്ടർ, ഫയർ ഓഫീസർ, ഫിഷറീസ് അസി: ഡയറക്ടർ, അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ, സഹകരണ ഡെ. രജിസ്ട്രാർ, സോഷ്യൽ വെൽഫെയർ അസി.ഡയറക്ടർ, മൂന്ന് ഹയർ സെക്കൻഡറി സ്‌കൾ പ്രിൻസിപ്പാൾമാർ തുടങ്ങി വകുപ്പ് മേധാവികളുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ പട്ടിക നീളുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, പൊതുമരാമത്ത്, നഗരസഭ, അങ്കണവാടി, വിവിധ വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഫലത്തിൽ നാഥനില്ലാത്ത കളരി പോലെയായി പല വകുപ്പുകളും.