endo

കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ മുടങ്ങി അഞ്ചുമാസമായെന്ന് പരാതി. ഇതിന് പുറമെ എൻഡോസൾഫാൻ ആനുകൂല്യങ്ങൾ നൽകുന്നതിനായി അംഗീകരിച്ച 611 പേരുടെ ലിസ്റ്റ് പൂഴ്ത്തി വയ്ക്കുന്ന വിവരവും പുറത്തുവന്നു. സാമൂഹ്യനീതി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലാണ് ലിസ്റ്റ് പുറത്തു വിടാത്തതിന് പിന്നിലെന്നാണ് വിവരം.

സെൽയോഗത്തിൽ ഈ വിഷയം പീഡിതജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ ഉന്നയിച്ചിട്ടും ലിസ്റ്റ് മൂടിവെക്കുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് വെളിപ്പെടുകയാണ്. രണ്ടു കാറ്റഗറികളിലായി 6727 പേർക്കാണു സർക്കാർ പെൻഷൻ നൽകുന്നത്. കിടപ്പുരോഗികൾക്ക്, മാനസിക വൈകല്യമുള്ള വർക്കും 2200 രൂപയും കാൻസർ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവർക്ക് 1200 രൂപയുമാണ് പെൻഷൻ നൽകിവന്നത്. എന്നാൽ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള പെൻഷൻ തുക സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

മുൻകാലങ്ങളിൽ എല്ലാ മാസവും 10 ന് മുമ്പായി ദുരിതബാധിതർക്ക് പെൻഷൻ കിട്ടുമായിരുന്നു. ഇടക്ക് നാലുമാസം മുടങ്ങിയപ്പോൾ ദുരിതബാധിതർ ബഹളം വെക്കുകയും പിന്നീട് പെൻഷൻ അനുവദിക്കുകയും ചെയ്തിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാരണം ന്യൂറോളജിസ്റ്റ് ഇല്ലാത്തതിനാൽ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. മണിപ്പാൽ, മംഗളൂരു തുടങ്ങിയ ആശുപത്രികളിൽ ചികിത്സ മുടങ്ങിയതും ഇവർക്ക് തിരിച്ചടിയായി. അപസ്മാരവും തലച്ചോറിന് ക്ഷതവുമേറ്റ രോഗികളുമായി ജില്ലാ ആശുപത്രിയിൽ എത്തുന്ന ദുരിതബാധിതർക്ക് മുമ്പിൽ ഡോക്ടർമാർ കൈമലർത്തുകയാണ്. 2016 മുതൽ ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയതിനെ തുടർന്നു കാത്തിരിപ്പ് തുടരുകയാണ്.കാസർകോട് ജില്ലയിൽ നിലവിൽ ന്യൂറോളജിസ്റ്റ് തസ്തിക തന്നെ ഇല്ല. പനത്തടി പഞ്ചായത്തിലെ പൂടംകല്ല് ആശുപത്രിയിൽ ഡെപ്യുട്ടേഷനിൽ എത്തിയ രണ്ടു ഡോക്ടർമാർ സ്പെഷ്യൽ ഓർഡർ വാങ്ങി അപ്പോൾ തന്നെ മറ്റുജില്ലകളിലേക്ക് പോയി. ന്യുറോളജിസ്റ്റ് തസ്തിക ഇല്ലാത്തതിനാൽ പീഡിയാട്രിസ്റ്റ്, ഫിസിഷ്യൻ തസ്തികയിലാണ് ഈ ഡോക്ടർമാർ എത്തിയത്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്നെല്ലാം സർക്കാരും ജില്ലാ ഭരണകൂടവും പിറകോട്ടു പോവുകയാണ്. ബൈറ്റ് സർക്കാരും ജില്ലാ ഭരണകൂടവും ദുരിതബാധിതരെ പറഞ്ഞു പറ്റിക്കുകയാണ്. പെൻഷനും ചികിത്സയും നൽകാതെ ബുദ്ധിമുട്ടിക്കുന്ന അധികൃതർ ഇവർക്ക് ഇത്ര മതിയെന്ന നിലപാടുകാരാണ്.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ (സെക്രട്ടറി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി )