ചെറുവത്തൂർ: മടക്കര മത്സ്യബന്ധന തുറമുഖത്ത് ഏറെ നാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന തൊഴിലാളി പ്രശ‌്നത്തിന് പുതിയ മാർഗ്ഗ നിർദ്ദേശം.

ഇതു പ്രകാരം തിങ്കളാഴ‌്ച മുതൽ രാവിലെ ആദ്യം തന്നെ ചെറുകിട മത്സ്യ വിൽപ്പന തൊഴിലാളികൾക്ക‌് മീൻ നൽകണം. അത‌ിനായ പത്ത‌് പേരടങ്ങുന്ന മത്സ്യ സഹകരണ സംഘം പ്രവർത്തകർ രാവിലെ തന്നെ ഹാർബറിലെത്തും. ഇവർ മീൻ കൊണ്ട‌ുപോയതിന‌് ശേഷം മാത്രമേ മൊത്തക്കച്ചവടക്കാർക്ക‌് മീൻ നൽകാവൂ എന്നാണ് തീരുമാനം. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഹാർബറിലെത്തി നടത്തിയ ചർച്ചയിലാണ‌് പരിഹാരം നിർദ്ദേശിച്ചത്. ഹാർബറിൽ പരസ്യ ലേലം നടക്കില്ലെന്ന‌് ഹാർബർ മാനേജ‌് കമ്മിറ്റി ഉറപ്പ‌് വരുത്തണം. ചെറുവള്ളങ്ങളിൽ മീൻ കൊണ്ടുപോയി വിൽപന നടത്താൻ പാടില്ല. മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ‌് ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.

ട്രോളിംഗ് നിരോധനവും കൊവിഡ‌് നിബദ്ധനകൾക്കുമൊടുവിൽ മടക്കര ഹാർബർ ചില നിബന്ധനകളോടെ തുറന്നു പ്രവർത്തനമാരംഭിച്ചതോടെ മൊത്ത കച്ചവടക്കാർക്കും മത്സ്യ സഹകരണ സംഘം പ്രവർത്തകർക്കും മാത്രമായിരുന്നു ഹാർബറിനകത്തേക്ക് പ്രവേശനം അനുവദിച്ചത‌്. ചെറുകിട കച്ചവടക്കാർക്കും തലച്ചുമടുകാർക്കും സംഘങ്ങൾ മീനെടുത്ത‌് ഹാർബറിന‌് പുറത്ത‌ുനിന്ന‌് നൽകാനുമായിരുന്നു തീരുമാനം. എന്നാൽ ഇത‌് കൃത്യമായി നടപ്പാക്കാൻ സാധിക്കത്തതോടെ ചെറുകിട കച്ചവടക്കാർക്കിടയിൽ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

സി.പി.എം ഏരിയ സെക്രട്ടറി കെ. സുധാകരൻ, ലോക്കൽ സെക്രട്ടറി പി.വി കൃഷ‌്ണൻ, കൊക്കോട്ട‌് ബാലകൃഷ‌്ണൻ, സുനിൽകുമാർ, തഹസിൽദാർ, ഫിഷറീസ‌് അധികൃതർ, പൊലീസ‌്, മത്സ്യഫെഡ‌് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.