പയ്യന്നൂർ: കുടിശികയാക്കിയിട്ടുള്ള കൂലിയും ആനുകൂല്യങ്ങളും ഓണത്തിന് പോലും വിതരണം ചെയ്യാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് നാഷണൽ ഖാദി ലേബർ യൂണിയന്റെ - ഐ.എൻ.ടി.യു.സി.-

നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ സമരത്തിലേക്ക് . 2019 മുതലുള്ള ഉൽപ്പാദന ബോണസും 2020 ജനുവരി മുതലുള്ള പൂരക വേതനവും ഏപ്രിൽ മാസം വിതരണം ചെയ്യേണ്ടുന്ന ലീവ് വിത്ത് വേജസും തുടർന്നുള്ള കൂലിയും ഇതുവരെ നൽകിയിട്ടില്ല. കൂടാതെ ഓണത്തിനുള്ള ഇൻസെന്റീവും ഉത്സവബത്തയും നൽകാനുണ്ട്. ഓണത്തിന് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെ കുടിശികയായിട്ടുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും സ്വീകരിക്കാതെ തൊഴിലാളികളെ പട്ടിണിക്കിടുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു. 25 ന് മുതൽ ഖാദി കേന്ദ്രം ഓഫീസിന് മുൻപിലും ഉൽപാദന കേന്ദ്രങ്ങളിലും സമരം നടത്തുവാൻ, കെ.പി. കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി എൻ. ഗംഗാധരൻ, കെ.വി.എൻ. കുഞ്ഞമ്പു, പി.വി.സുകുമാരൻ, എം.കുഞ്ഞികൃഷ്ണൻ, ടി.രാജൻ, വി.കെ.ഉഷ, എം.യശോദ സംസാരിച്ചു.