കാസർകോട്: ഫിസിക്കൽ സയൻസ് അദ്ധ്യാപകനായി പി. എസ്. സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരിൽ സർവീസിൽ പ്രവേശിപ്പിക്കാതിരുന്ന കാസർകോട് ഡി .ഡി .ഇയുടെ നടപടി അന്യായവും നീതികേടുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. രണ്ട് മാസത്തിനകം അദ്ധ്യാപകനെ നിയമിക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം ആലംകോട് സ്വദേശി എസ് മുഹമ്മദ് ഷിജിർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അദ്ദേഹത്തിന് കാസർകോട് മൂടംബെൽ ഗവ. ഹൈസ്കൂളിലാണ് കന്നട മീഡിയത്തിൽ 2019 ഒക്ടോബർ 30 ന് നിയമനം ലഭിച്ചത്. കുട്ടികളും അധ്യാപകരും പ്രാദേശിക നേതാക്കളും ചേർന്ന് ജോലിയിൽ പ്രവേശിക്കാൻ തടസ്സം നിന്നു. അധികാരപ്പെട്ട ഉദ്യോഗസ്ഥർ അദ്ധ്യാപകനെ സഹായിക്കാതിരുന്നതോടെ ജോലിയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടായി. കമ്മിഷൻ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് മുമ്പ് ഇതേ സ്കൂളിൽ നിയമനം ലഭിച്ച രണ്ട് അദ്ധ്യാപകർക്കും സമാന അനുഭവമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കന്നട അറിയാത്തതായിരുന്നു കാരണം.
പരാതിക്കാരൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരന് കന്നട അറിയില്ലെന്ന് അറിയാമായിരുന്നിട്ടും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുള്ള സ്കൂളിൽ തന്നെ അദ്ദേഹത്തെ നിയമിച്ച ഡി .ഡി. ഇയുടെ ഔചിത്യത്തെ കമ്മിഷൻ വിമർശിച്ചു. പരാതിക്കാരന് ജോലിയിൽ പ്രവേശിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഏഴ് മാസമായി പരാതിക്കാരൻ ജോലിയില്ലാതെ നിന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് ശരിയായില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.