കണ്ണൂർ: അത്തം തുടങ്ങിയിട്ടും നഗരത്തിൽ ഒാണ വിപണി ഉണർന്നില്ല.കൊവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി ജില്ലയിൽ ഉയരുന്നത് വിപണിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഒാണ വിപണി മുന്നിൽ കണ്ട് പ്രതീക്ഷ കൈവിടാതിരുന്ന വ്യാപാരികൾക്ക് കടുത്ത തിരിച്ചടി മാത്രമാണ് ഫലം. കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ ജില്ലയിലെ പല ഭാഗങ്ങളും നഗരത്തിലെ മിക്ക കടകളും അടച്ചിട്ടത് കച്ചവടം തകിടം മറിച്ചു.
പുതിയതെരു,കാൾടെക്സ് എന്നവിടങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങൾ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നിലവിൽ പച്ചക്കറി വ്യാപരികൾ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലാണ്. വസ്ത്ര വിപണിയിൽ ഒാഫറുകൾ പലതുണ്ടെങ്കിലും ആളുകൾ പഴയതു പോലെ വരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കൊവിഡിനെ തുടർന്ന് മിക്ക വസ്ത്ര സ്ഥാപനങ്ങളും ഒാണം പ്രമാണിച്ചുള്ള പുതിയ സ്റ്റോക്കുകൾ ഒരുക്കിയിട്ടില്ല. പഴയ സ്റ്റോക്കുകൾ തന്നെയാണ് ഇക്കുറിയും വിൽപ്പനക്കൊരുക്കിയിരിക്കുന്നത്.
തെരുവോര കച്ചവടങ്ങൾക്ക് അനുവാദമില്ലാത്തത് ഒാണം സീസൺ കാത്തിരുന്ന കച്ചവടക്കാരെ നിരാശയിലാക്കി. ഇതര സംസ്ഥാനത്തുനിന്ന് വസ്ത്രങ്ങളും കരകൗശല ഉത്പന്നങ്ങളും മൺപാത്രങ്ങളുമായി സ്റ്റേഡിയം കോർണറിലും പഴയ ബസ് സ്റ്റാൻഡിലും ഇക്കുറി വ്യാപാരികൾ ഒന്നും തന്നെയില്ല. ഒാണാഘോഷം വീടുകൾക്കുള്ളിൽ മാത്രം ഒതുക്കണമെന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്ന പൂക്കൾ രോഗ വ്യാപന സാധ്യത ഉയർത്തുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പൂക്കച്ചവടക്കാരും നിരാശയിലാണ്. സ്കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ ഇവിടങ്ങളിലൊന്നും ഇക്കുറി ഒാണാഘോഷ പരിപാടികൾ ഇല്ലാത്തതും വിപണിയെ സാരമായി ബാധിച്ചു. പതിവുപോലെ നഗരത്തിൽ വിവിധ മേളകളും ഇക്കുറിയില്ല.
ഇലക്ട്രോണിക്സ്, വാഹന വിപണി സജീവം
കൊവിഡിനെ തുടർന്ന് മറ്റ് വിപണികൾ ഉണർന്നില്ലെങ്കിലും ഇലക്ട്രോണിക്സ്, വാഹന വിപണി ഇപ്പോഴും സജീവമാണ്. കുട്ടികളുടെ പഠനമുൾപ്പെടെ ഒാൺലൈൻ ആയതുകൊണ്ട് മൊബൈൽ, ടി.വി, ലാപ്ടോപ്പ് എന്നിവയ്ക്കും ആവശ്യക്കാരെറെയുണ്ട്. വിലക്കുറവും ഡിസ്കൗണ്ടും ഒന്നും തന്നെയില്ലെങ്കിലും മിക്ക സ്ഥാപനങ്ങളും പണമടക്കാൻ മൂന്ന് മാസത്തെ കാലവധി വരെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. കൊവിഡ് ഭീതിയെ തുടർന്ന് പൊതു ഗതാഗതങ്ങളെ ആശ്രയിക്കാൻ മടിക്കുന്ന സാഹചര്യത്തിൽ മിക്കയാളുകളും സ്വന്തമായി വാഹനം വാങ്ങു കയാണ്. പുതിയ വാഹനങ്ങൾക്കും സെക്കന്റ് ഹാൻഡ് വാഹനങ്ങൾക്കും ആവശ്യക്കാർ ഉണ്ട്.
ടി.വി, ലാപ്ടോപ്പ് എന്നിവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയുണ്ട്. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ആളുകൾ വരാൻ മടിക്കുന്നുണ്ട്. ഒാൺലൈൻ വിപണി സജീവമാക്കിയതിലൂടെ ആളുകൾക്ക് സുരക്ഷിതമായി സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നുണ്ട്.
എം.വി.കെ. മൊയ്തു, നിക്‌ഷാൻ ഇലക്ട്രോണിക്സ്, കണ്ണൂർ