കാഞ്ഞങ്ങാട്: കനത്ത മഴയ്ക്കുശേഷം നിറഞ്ഞൊഴുകുന്ന കാഞ്ഞങ്ങാട്ടെ ആവിത്തോടുകൾ ഗ്രാമീണഭംഗി വിളിച്ചോതുന്നു. ആമ്പൽ പൂ പിടിച്ച് കിടക്കുന്നതോടൊപ്പം പച്ച നിറത്തിലുള്ള ചെടി തോട് മുഴുവൻ പടർന്ന് പിടിച്ചത് പച്ചപട്ടുടുത്ത അനുഭവമുണ്ടാക്കുന്നു.
ഈ തോടുകളെ ആശ്രയിച്ചാണ് ഇവിടത്തെ ഭൂരിഭാഗം ആൾക്കാരും കഴിയുന്നത്. പ്രത്യേകിച്ച് കർഷകർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ആവികളിൽ നന്നായി വെള്ളം കയറിയിട്ടുണ്ട്. സാധാരണ ഈസമയങ്ങളിൽ നീന്തൽ പഠിക്കാനായി കുട്ടികൾ എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് അതും മുടക്കി.
വെള്ളം സമൃദ്ധമായതോടെ കൊറ്റികൾ ആവികൾക്കടുത്ത് കൂടുകെട്ടാനും തുടങ്ങിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തെളിനീരൊഴുകിയിരുന്ന തോട് പരിസരവാസികൾ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്നു. കുറേ ആവിത്തോടുകൾ കെട്ടിടങ്ങളും മതിലുകളും പണിയുന്നതിന്റെ മറവിൽ വ്യാപകമായി നികത്തുകയും ചെയ്തു.
ആവികൾ സ്ഥലപ്പേരിലും
പടന്നക്കാട് ഒഴിഞ്ഞവളപ്പ് മുതൽ വടക്കോട്ടായിരുന്നു ആവിത്തോടുകളുടെ സമൃദ്ധി. ഒഴിഞ്ഞവളപ്പിലെ ആവി ഏറെ കുറേ നികന്നു കഴിഞ്ഞു. പേരുകേട്ട ആവികൾ നിലനിന്നിരുന്ന സ്ഥലങ്ങൾക്ക് പുഞ്ചാവി, കല്ലൂരാവി, മുറിയനാവി, ആവിയിൽ എന്നിങ്ങനെയായിരുന്നു സ്ഥലപ്പേരുകൾ. അശാസ്ത്രീയമായ വികസനത്തിന്റെ ഫലമായാണ് നാടിന്റെ ജീവനാഡിയായ ആവികൾ ഇല്ലാതായതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.