കാഞ്ഞങ്ങാട്: കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ജില്ലയിൽ 70 ഓണച്ചന്തകൾ ആരംഭിക്കും. ജില്ലയിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, നീതി സ്റ്റോറുകൾ, മലയോര, തീരദേശ മേഖലകളിലെ തിരഞ്ഞെടുത്ത സംഘങ്ങൾ എന്നിവയാണ് ഓണച്ചന്തകളായി പ്രവർത്തിക്കുക.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് കൺസ്യൂമർ ഫെഡിന്റെ മടിയനിലുള്ള ഗോഡൗണിൽ നിന്നാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. 13 സബ്സിഡി ഇനങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിൽപ്പനയ്ക്ക് സജ്ജമാക്കിയതായി കൺസ്യൂമർഫെഡ് എക്സിക്യുട്ടീവ് ഡയറക്ടർ വി.കെ.രാജൻ അറിയിച്ചു. വിപണന കേന്ദ്രങ്ങൾ 24 മുതൽ 30 വരെ പ്രവർത്തിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കൊടക്കാട് സഹകരണ ബാങ്കിന്റെ വേങ്ങാപ്പാറ ബ്രാഞ്ചിൽ നടക്കും. ഹൊസ്ദുർഗ്ഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.പി.വത്സലന്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി ഉദ്ഘാടനം ചെയ്യും. കൺസ്യൂമർഫെഡ് എക്സിക്യുട്ടീവ് ഡയറക്ടർ വി.കെ. രാജൻ ആദ്യ വിൽപ്പന നടത്തും. ജനപ്രതിനിധികളും സഹകാരികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. ശാരീരിക അകലം പാലിച്ചുകൊണ്ടും മുൻകൂർ ടോക്കൺ നൽകി സമയക്രമം നൽകിയും വിൽപ്പന ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്ന് കൺസ്യൂമർഫെഡ് അധികൃതരും സഹകരണ വകുപ്പും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.