'നനവ് ' എന്ന പേരുള്ള ഈ വീടിന്റെ വാതിലുകൾ ഒരിക്കലും അടയ്ക്കാറില്ല. ആർക്കും ഏതു നേരത്തും ഇവിടെ കടന്നുവരാം. പ്രകൃതിയിലേക്ക് തുറക്കുന്ന കിളിവാതിലുകളാണ്. ഈ വീട്ടിലെ ഓരോ വിശേഷങ്ങളും...
കണ്ണൂർ ചക്കരക്കൽ - അഞ്ചരക്കണ്ടി റോഡിലെ വളവിൽപീടിക 'നനവി'ലെ ഹരിക്കും ആശയ്ക്കും രാവിലെ ഉണരാൻ അലാറം വയ്ക്കേണ്ട. കുറിക്കണ്ണൻ കാട്ടുപുള്ളിന്റെ ചിലപ്പു കേട്ടാലറിയാം, ആറു മണി കൃത്യം! ആ ഉണർത്തുപാട്ടിനു പിന്നാലെ തെക്കൻ കരിങ്കിളിയും ഇരട്ടത്തലച്ചിയും വരും. പതിയെപ്പതിയെ പറമ്പിൽ തിരക്കേറും. പറന്നെത്തുന്ന അതിഥികൾക്കായി ഈ കുടുംബം തീറ്റയും വെള്ളവും ഒരുക്കിവയ്ക്കും. വീടിനു ചുറ്റും പക്ഷികൾക്കു തണലൊരുക്കുന്ന വള്ളിപ്പടർപ്പുകളാണ്. അവയ്ക്ക് കുടിക്കാൻ പറമ്പിൽ തെളിനീരു നിറച്ച അമ്പതോളം ചട്ടികൾ. ഇലഞ്ഞി, ഈന്ത്, ഞെരിഞ്ഞിൽ, നാഗവള്ളി തുടങ്ങി പത്തുപന്ത്രണ്ട് ഇനം മരങ്ങളിലായാണ് കിളിക്കൂട്ടം ചേക്കേറുക. നനവ് ഒരു പാർപ്പിടമല്ല. പരിസ്ഥിതി പ്രവർത്തകരായ ഹരി ചക്കരക്കല്ലിന്റെയും ആശയുടെയും പരിസ്ഥിതി പാഠശാലയാണ്. പക്ഷി നീരിക്ഷണവും പരിസ്ഥിതിപ്രവർത്തനവുമാണ് ഈ വീടിന്റെ ഐശ്വര്യം എന്ന കാര്യം വീട്ടിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ നമ്മളറിയും. ഓണം മാത്രമല്ല ഇവിടെ എല്ലാ വിശേഷ ദിവസങ്ങളിലും ആഘോഷം തന്നെയാണ്. പ്രകൃതിയോട് ചേർന്ന് ഈ ദമ്പതികൾ ഓരോ ദിവസവും ആഘോഷങ്ങളുടെ വസന്തകാലം തീർക്കുന്നു. ഓണവും ക്രിസ്മസും റംസാനും എല്ലാം ഇവിടെ പ്രകൃതിയുടെ തനതുവിഭവങ്ങൾ നിരത്തിയുള്ള ഉത്സവമാണ്. മണ്ണിനെ അറിഞ്ഞ്, പ്രകൃതിയെ മനസിലാക്കി ഇവർ ഓണത്തിന് വിളമ്പുന്നതും നാട്ടു വിഭവങ്ങളുടെ തനതു സദ്യയാണ്. പ്രകൃതിയിൽ എങ്ങനെയാണ് അവയുടെ അസ്തിത്വം അടയാളപ്പെടുത്തിയത്. അതേ പോലെ തന്നെ അവ 'നനവി"ലെ തീൻമേശയിലെത്തും. വേവിച്ചെടുത്ത് ഒന്നിന്റെയും രുചി ചോർന്നു പോകാൻ ഇവർ ഒരുക്കമല്ല. പ്രകൃതി വിഭവങ്ങളുടെ തനിമയാണ് ഇവരുടെ ജീവതാളവും പ്രാണനും തന്നെ.
ചക്കരക്കല്ലിലെ ഗോവിന്ദന്റെയും കൗസല്യയുടെയും മകനായ ഹരി വാട്ടർ അതോറിറ്റിയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. കരിവെള്ളൂർ സ്വദേശിയായ ആശ അദ്ധ്യാപികയായി സ്വയം വിരമിച്ചതുമാണ്. പരിസ്ഥിതി പ്രേമത്തെക്കുറിച്ച് സമൂഹത്തോട് പറയണമെങ്കിൽ ആ അറിവ് സ്വന്തം വീട്ടിൽ നിന്നു തുടങ്ങണമെന്ന് നിർബന്ധമുള്ളവരാണ് ഈ ദമ്പതികൾ. അങ്ങനെയാണ് 34 സെന്റ് സ്ഥലത്ത് പ്രകൃതിയുടെ ആർദ്രത പെയ്തിറങ്ങുന്ന ഒരു ലാന്റ് സ്കേപ്പ് പെയിന്റിംഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കൊച്ചുവീട് പണിതുയർത്തിയത്. മനസ് പറഞ്ഞ പോലെ 'നനവ്" എന്നു പേരുമിട്ടു. വന്നു കണ്ടവരെല്ലാം ആ പേര് ശരി വച്ചു. നനയുമ്പോൾ മാത്രമാണ് നാം മഴയുടെ സൗന്ദര്യം അറിയുന്നതെങ്കിൽ ഇവിടെ പരിസ്ഥിതിയെ നോവിക്കാത്ത 'നനവി"ന്റെ കുളിർമ്മയിൽ നാം നനയും. ഇവിടെയെത്തുന്ന പക്ഷികളെല്ലാം ഇവരുമായി ചങ്ങാത്തത്തിലാണ്. മനം നിറയുന്ന 'നനവി"ലെ പച്ചപ്പ് പക്ഷികൾക്ക് ജീവവായുവാണ്. എന്നും തുറന്നിടുന്ന വാതിലുകളാണ് ഈ വീടിന്റെ പ്രത്യേകത, എല്ലാവർക്കും കടന്നുവരാം, മണ്ണിനെ അറിയാം, മനസിലാക്കാം.
'നനവി'ലേക്ക് സ്വാഗതം
ഈ വീട്ടിലെ ഓരോ മുറിയും പ്രകൃതിയിലേക്ക് തുറക്കുന്ന കിളിവാതിലുകളാണ്. ആർക്കിടെക്ട് വിനോദാണ് വീട് രൂപ കൽപ്പന ചെയ്തത്. ചെലവ് കുറഞ്ഞ വീടിന്റെ ശിൽപ്പിയായ ലാറി ബേക്കറിൽ നിന്നു പഠിച്ച വാസ്തുവിദ്യ പകർത്തിയാണ് വിനോദ് വീട് നിർമിച്ചത്. വീടിന്റെ നിർമാണത്തിന് വേണ്ട സിമന്റിനും കല്ലിനും മാത്രമായി ആകെ ചെലവായത് 70000 രൂപ. നിർമാണ കൂലി 2.30 ലക്ഷം രൂപയും. മൂന്ന് ലക്ഷം രൂപയ്ക്കാണ് 960 ചതുരശ്ര അടി വിസ്തീർണത്തിൽ വീട് നിർമിച്ചത്. 2001 ലായിരുന്നു ഗൃഹപ്രവേശം. പ്രകൃതിയുടെ നനവും കുളിരും ആർദ്രതയും ആവോളം നുകരാൻ ഒരു സ്വപ്നക്കൂട്. രണ്ട് ഓടുകൾ പാകി ഇടയ്ക്ക് അൽപ്പം കമ്പി ഉപയോഗിച്ചാണ് മേൽക്കൂരയുടെ വാർപ്പ്. സിറ്റൗട്ട്, ഒരു കിടപ്പുമുറി, ഡ്രോയിംഗ് റൂം, ഗസ്റ്റ് റൂം, അടുക്കള, വർക്ക് ഏരിയ എല്ലാം ചേർന്ന് മണ്ണ് കൊണ്ടൊരു വീട്. പക്ഷികളും കിളികളും വന്നു പോകുന്ന, നെല്ലും പച്ചക്കറികളും വിളഞ്ഞു നിൽക്കുന്ന കൃഷിയിടം. ഓണത്തിനായി നെല്ലും വെള്ളരിയും വെണ്ടയും താലോലിയും ഇവിടെ കരുതി വച്ചിട്ടുണ്ട്. സമ്പൂർണ സസ്യാഹാരികളായ ദമ്പതികൾക്ക് ഒന്നും പുറത്ത് നിന്നു വാങ്ങേണ്ടതില്ല. എല്ലാം സ്വന്തമായി കൃഷി ചെയ്ത് വിളയിച്ചെടുക്കുകയാണ് പതിവ് രീതി. ഫ്രിഡ്ജില്ല, ഫാനില്ല, എയർ കണ്ടീഷണറില്ല. ഇതൊന്നുമില്ലെങ്കിലും ശീതികരിച്ച വീടുകൾ തോറ്റുു പോകും ഇവിടുത്തെ കുളിരിൽ. തണുപ്പ് നിറയുന്ന ഈ പച്ചതുരുത്ത് ഇവരുടെ സ്വർഗമാണ്. വീട്ടിലെ വൈദ്യുതി ഉപയോഗം നാല് യൂണിറ്റ്. വൈദ്യുതി ബിൽ മിനിമം തുക മാത്രം. മാസം നൂറ് രൂപയിൽ താഴെ. ഫ്രിഡ്ജിനു പകരം മണൽകൂനയിൽ പച്ചക്കറികളും മറ്റും സൂക്ഷിച്ചു വെയ്ക്കും. ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഈ സംവിധാനത്തിനു കഴിയും. സൂര്യൻ പകരുന്ന വെളിച്ചം വീടിന്റെ അകത്തളങ്ങൾക്ക് പ്രകാശമേകുന്നു. വൈദ്യുതിയുടെ മിനിമം ഉപയോഗത്തിനു ശേഷം ബാക്കിവരുന്നത് സോളാർ പാനലുകളിൽ നിന്നു ലഭിക്കും.
പാൽ തരാൻ നാടൻ പശുവും
നനവിൽ പ്രകൃതിയോടൊപ്പം ജീവിക്കുന്ന മറ്റൊരാളാണ് ഇവിടത്തെ നാടൻ പശു. കറന്നെടുക്കുന്ന പാൽ ഇവർ തന്നെ ഉപയോഗിക്കും. മധുരം പകരാൻ ചക്കയും മാങ്ങയും മറ്റു പഴവർഗങ്ങളും പറമ്പിൽ നട്ടുവളർത്തുന്നുണ്ട്. ഭക്ഷണത്തിനും ചില ചിട്ടകളുണ്ട്. ആവിയിൽ വേവിച്ചതു മാത്രമാണ് ഇവരുടെ ഭക്ഷണം. അതും രാവിലെയും ഉച്ചയ്ക്കും മാത്രം. രാത്രി പഴങ്ങൾ. സമയത്തിന് അനുസരിച്ചല്ല ഇവർ ഭക്ഷണം കഴിക്കുന്നത്. വിശക്കുമ്പോൾ മാത്രം കഴിക്കും. വിശക്കുന്നില്ലെങ്കിൽ അന്ന് ഭക്ഷണവുമില്ല. അതാണ് രീതി. തൊട്ടടുത്ത 45 സെന്റിലായിട്ട് നെല്ലും കൃഷി ചെയ്യുന്നുണ്ട്. കൈമ എന്ന ഇനത്തിൽപെടുന്നതാണ് നെൽകൃഷി. ഈ ഓണത്തിന് അതു വിളവെടുത്തു. കുടുംബത്തിന് ഒരു വർഷം കഴിക്കാനുള്ള നെല്ല് ഇവിടെ നിന്നു തന്നെ കിട്ടും.
രോഗം പോലും അകലെയാണ്
രോഗം പോലും ഇവരോട് പിണങ്ങിക്കഴിയുകയാണ്. ഇക്കാലത്തിനിടയ്ക്ക് ഒരു പനി വന്ന് ഡോക്ടറുടെ സഹായം തേടിയ ഓർമ്മ ഇവർക്കില്ല. ചെറിയ പനി വന്നാൽ പാകം ചെയ്ത ഭക്ഷണം കഴിക്കില്ല. അതാണ് മരുന്ന്. എന്നിട്ടും പനി മാറിയില്ലെങ്കിൽ ഉപവാസം. ഭക്ഷണം പൂർണമായും വർജിച്ച് വെറും പച്ചവെള്ളം മാത്രം കഴിച്ച് കൂട്ടും. വിശ്രമിച്ചാൽ മാറാത്ത അസുഖങ്ങളില്ലെന്നാണ് ഹരിയുടെയും ആശയുടെയും പക്ഷം. പ്രകൃതിയുടെ നനവിൽ കഴിയുന്നതു കൊണ്ടാണ് രോഗത്തെ പടിക്ക് പുറത്ത് നിർത്താൻ കഴിയുന്നതെന്ന് ഇവർ ഒറ്റസ്വരത്തിൽ പറയും. സംസാരിച്ചിരിക്കുമ്പോൾ നനവിന്റെ ജനാലയ്ക്ക് അരികിലിയായി ചേരിക്കൊട്ടമരത്തിലെ മഞ്ഞപ്പൂക്കളിൽ നാലഞ്ച് മഞ്ഞതേൻകിളികൾ മധുരം നുണയുകയാണ്. നേർത്ത സ്വരത്തിൽ ചിലച്ചുകൊണ്ടവ അന്നം തേടുമ്പോൾ നിറയുന്നത് ഈ ദമ്പതികളുടെ മനസുകൂടിയാണ്. പൂക്കൾ കായ്ക്കളായിത്തുടങ്ങി. അൽപ്പം നാൾകൂടി കഴിഞ്ഞാൽ കുട്ടുറുവനും കുയിലുകൾക്കും മഞ്ഞക്കിളികൾക്കും ഇരട്ടത്തലച്ചിയ്ക്കും മഞ്ഞച്ചിന്നനും പിന്നെ വിരുന്നെത്തുന്ന കുറിക്കണ്ണൻ കാട്ടുപുള്ളിനുമൊക്കെ ഇഷ്ടവിഭവമായി മാറുമത്.
പ്രകൃതിയാണ് ജീവൻ
കിളികൾക്ക് വേണ്ടി മാത്രമാണ് മരങ്ങളെ നിലനിർത്തിയിരിയ്ക്കുന്നത് .പൊതുവേ കുറ്റിച്ചെടിയായി കാണപ്പെടുന്ന ചേരിക്കോട്ട മരമായി വളർന്ന് വർഷത്തിന്റെ പാതി കാലവും കിളികളെയും പൂമ്പാറ്റകളെയും പിന്നെ ഇല തിന്നാൻ വരുന്ന പ്രാണികളെയും ഒക്കെ ഭക്ഷണമൂട്ടുന്നുണ്ട്. പല ജീവികൾക്കും വെയിലിലും മഴയിലും അഭയം നൽകുന്നു, ചിലർക്ക് ശത്രുക്കളിൽനിന്നും ഒളിച്ചിരിയ്ക്കാൻ ഇടം നൽകും.. ഞങ്ങൾക്ക് ഇവരൊക്കെ തുറന്ന പുസ്തകമാണ്, ഓരോ ദിനവും അവരെ വായിക്കുമ്പോൾ, അവരെ കൂടുതൽ അറിയുമ്പോൾ ഞങ്ങൾ വെറും വിദ്യാർത്ഥികളാണ്, അദ്ധ്യാപികരാണ്... അവർക്കുമുമ്പിൽ ഞങ്ങൾ എത്രയോ ചെറുതാണെന്ന് അറിയുന്നു. ഓരോ മൺതരിയിൽ നിന്നും ഓരോ കിളിമൊഴിയിൽ നിന്നും, ഓരോ ജലകണത്തിൽ നിന്നും ജീവനുള്ളതും ഇല്ലാത്തതുമായ പ്രകൃതിയുടെ ഓരോ സ്പന്ദനങ്ങളിൽ നിന്നും ജീവിതം കണ്ടെത്തുന്നത് മറ്റൊന്നിനും വേണ്ടിയല്ല. ചിലരൊക്കെ വിചാരിച്ചിരിയ്ക്കുന്നത് പരിസ്ഥിതി പ്രവർത്തകരെന്ന് പേരെടുക്കാനാണെന്നാണ്. ഞങ്ങളുടെ പഠനം പ്രകൃതി എന്താണെന്നറിയാനാണ്, അതുവഴി ഞങ്ങളാരെന്ന് കണ്ടെത്താനാണ്. പ്രകൃതിയെ അറിയുമ്പോഴേ ഒരാൾക്ക് സ്വയം അറിയാൻ കഴിയുകയുള്ളൂവെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
(ലേഖകന്റെ ഫോൺ: 9946108259)