കണ്ണൂർ: വീടുകൾ സമര കേന്ദ്രങ്ങളാക്കി ജില്ലയിലെങ്ങും സി.പി.എം പ്രതിഷേധം. കേന്ദ്ര നയങ്ങൾക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചാണ് സത്യഗ്രഹ സമരം സംഘടിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറുന്നതിനെതിരെ വൈകിട്ട് നാലുമുതൽ 4.30 വരെ നടന്ന സത്യഗ്രഹത്തിന് ജില്ലയിലെ നിരവധി കുടുംബങ്ങളും പാർട്ടി, വർഗ ബഹുജന സംഘടനാ ഓഫീസുകളും വേദിയായി.
വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും ജീവനക്കാരും തൊഴിലാളികളും കർഷകരും കർഷത്തൊഴിലാളികളും സമരത്തിന്റെ ഭാഗമായി. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ.പി സഹദേവൻ എന്നിവർ കുടുംബസമേതം വീടുകളിൽ സത്യഗ്രഹമിരുന്നു.
ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് മാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വർദ്ധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.