കണ്ണൂർ: ഒരു നയാ പൈസ പെൻഷനോ ഓണത്തിന് ആനുകൂല്യങ്ങളോ ഇല്ലാതെ സഹകരണ ബാങ്കുകളിൽ നിന്ന് വിരമിച്ച രണ്ടായിരത്തോളം വരുന്ന നിക്ഷേപ പിരിവുകാരുടെ ജീവിതം ദുരിതത്തിലായി. സംസ്ഥാ
2008 ൽ സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെൻഷൻ പദ്ധതിയിൽ നിക്ഷേപ പിരിവുകാരെ കൂടി ഉൾപ്പെടുത്തുകയും പദ്ധതിയിൽ അംഗമായി ചേർക്കുകയും ചെയ്തതാണ്. റിട്ടയർമെന്റിന് ശേഷം പെൻഷൻ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചപ്പോൾ നിക്ഷേപ പിരിവുകാരുടെ വേതനവും അതു വഴി ബോർഡിലേക്ക് ലഭിച്ച വിഹിതവും കുറവായതിനാൽ പെൻഷൻ അനുവദിക്കാനാവില്ലെന്നാണ് പെൻഷൻ ബോർഡിന്റെ നിലപാട്. മാത്രവുമല്ല ബോർഡിൽ അംഗമായി ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഫെസ്റ്റിവൽ അലവൻസായി 3250 രൂപ അനുവദിച്ചപ്പോഴും നിക്ഷേപ പിരിവുകാരെ അവഗണിച്ചു.
പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് വിനയായി
2005 ൽ ഈ വിഭാഗത്തെ സ്ഥിരപ്പെടുത്താൻ ഉത്തരവിട്ടതിനെ തുടർന്ന് പലരേയും 58ാം വയസിൽ പിരിയാൻ അനുവദിക്കുകയും ഒരിടവേളക്ക് ശേഷം താത്കാലികമായി തുടരാൻ അനുവദിച്ചിരുന്നതുമാണ്. അന്ന് കേന്ദ്ര പി.എഫ് ഫണ്ടിൽ അംഗമായിരുന്നവർക്ക് നാമമാത്ര തോതിൽ പെൻഷനും ലഭിച്ചിരുന്നു. 2008ൽ സംസ്ഥാന സർക്കാർ സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ കമ്മീഷൻ ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയതോടെ അതും നിലച്ചു.
2009 ലാണ് നിക്ഷേപ പിരിവുകാർക്ക് 65 വയസുവരെ തുടരാമെന്നും ഉത്തരവ് ഇറങ്ങുന്ന സമയത്ത് 65 പൂർത്തിയായവർക്ക് 70 വയസു വരെ തുടരാമെന്നും ഉത്തരവ് ഇറങ്ങുന്നത്. അതിന്റെയടിസ്ഥാനത്തിൽ 70 വയസ് വരെ ജോലി ചെയ്യുകയും അക്കാലമത്രയും മുടങ്ങാതെ പെൻഷൻ വിഹിതമടക്കുകയും ചെയ്തവർക്കാണ് ജീവിത സായാഹ്നത്തിൽ മിനിമം പെൻഷൻപോലും നൽകാനാവില്ലെന്ന് പറഞ്ഞ് ബോർഡ് കൈമലർത്തുന്നത്.
ബാദ്ധ്യതയുടെ പേര് പറഞ്ഞ് സർക്കാർ തലയൂരുന്നു
നിലവിൽ മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ഈ വിഭാഗത്തിന് സാമൂഹികക്ഷേമ പെൻഷന് തുല്യമായ തുകയെങ്കിലും പെൻഷനായി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. സംസ്ഥാന സർക്കാറിന്റേതടക്കം വിവിധ പദ്ധതികൾക്ക് ലക്ഷങ്ങളും കോടികളും സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഊറ്റിയെടുക്കുന്നവർ പതിറ്റാണ്ടുകൾ സഹകരണ സ്ഥാപനങ്ങൾക്ക് വേണ്ടി ജോലി ചെയ്ത നിത്യ പിരിവുകാരെ സ്ഥിരപ്പെടുത്തി അനുകൂല്യങ്ങൾ അനുവദിക്കുന്നതിന് ബാധ്യതയുടെ പേര് പറഞ്ഞ് തടസം നിൽക്കുകയാണ്.
ലോക്ക് ഡൗൺ, കണ്ടെയ്‌മെന്റ് സോണുകളിലെ നിയന്ത്രണം എന്നിവ നിത്യ നിക്ഷേപ കളക്ഷനിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇത് കമ്മിഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഈ വിഭാഗത്തിൽ പലരുടെയും വരുമാനത്തിലും ചോർച്ചയുണ്ടായി. ഇക്കാലയളവിൽ പലർക്കും ആശ്രയമാവുമായിരുന്നത് ക്ഷേമ പെൻഷൻ വിതരണത്തിന് ലഭിക്കുന്ന ഇൻസെന്റീവായിരുന്നു.
സുരേഷ് ബാബു മണ്ണയാട്,
ജില്ലാ സെക്രട്ടറി
കോ ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ്
കളക്ടേഴ്സ് അസോസിയേഷൻ