തൃക്കരിപ്പൂർ: എ.ടി.എം.കൗണ്ടറിൽ തീപിടുത്തം. വെള്ളാപ്പ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

കൗണ്ടറിൽ നിന്ന് പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ നടക്കാവിലെ അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് കുതിച്ചെത്തിയ സേനാംഗങ്ങൾ തീയണക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും പുക ഉയർന്നതിനാൽ ബാങ്ക് അധികൃതരുടെ അനുമതിയോടെ എ.ടി.എമ്മിന്റെ അകത്തെ മുറി തുറക്കുകയും പരിശോധന നടത്തുകയുമായിരുന്നു. മെയിൻ സ്വിച്ച് ഉൾപ്പെടുന്ന ഭാഗത്താണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മെയിൻ സ്വിച്ച്, അനുബന്ധ ഉപകരണങ്ങൾ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. എ.ടി.എം മെഷീന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണറിയുന്നത്. സ്റ്റേഷൻ ഓഫീസർ പി.വി അശോകൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗണേശൻ കിണറ്റിൻകര, ഓഫീസർമാരായ പി.വി സുമേഷ്, വി.വി ലിനേഷ്, ടി.പി ധനേഷ്, ടി. രഘു, എസ്. വിഷ്ണു, ഹോം ഗാർഡ് കെ. കെ സന്തോഷ് എന്നിവർ നേതൃത്വം നൽകി.