valayamchal
വളയംചാൽ തൂക്കുപാലവും കോൺക്രീറ്റ് പാലത്തിനായി പണിതിരിക്കുന്ന തൂണും

ഇരിട്ടി: അപ്രോച്ച് റോഡിനായുള്ള ഭൂമി തർക്കത്തിൽ വളയംചാൽ പാലം നിർമ്മാണം നിലച്ചു. സ്വകാര്യ വ്യക്തിയുടെ ഭൂമിക്ക് ആവശ്യപ്പെട്ട തുക നല്കാൻ ഇതുസംബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിക്ക് കഴിയാതായതോടെയാണ് പാലം നിർമ്മാണം പ്രതിസന്ധിയിലായത്. എന്നാൽ പാലം പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പെ ഇക്കാര്യത്തിൽ വ്യക്തമായ ധാരണ ഉണ്ടാക്കാത്തതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ആറുമാസം മുമ്പ് തന്നെ രണ്ട് തൂണുകൾ പാലത്തിനായി നിർമ്മിച്ചിട്ടുണ്ട്. ബാക്കി ഒരു തൂണ് നിർമ്മിക്കാനും അപ്രോച്ച് റോഡിനും സ്വകാര്യ വ്യക്തിയുടെ സ്ഥലം ആവശ്യമാണ്. പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് ഈ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് ഇപ്പോൾ വൻ തുക ആവശ്യപ്പെടുന്നതായാണ് പറയുന്നത്.

താലൂക്ക് സർവെ സംഘം പാലത്തിന് വേണ്ടി 20 സെന്റ് സ്ഥലം നേരത്തെ അളന്ന് തിരിച്ചിരുന്നു. എന്നാൽ കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ തൂണുകൾ പണിതശേഷം ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ വളയംചാൽ പാലം രണ്ട് തൂണുകളിൽ അവശേഷിക്കുന്ന സ്ഥിതിയാകും. ആറളം ഫാമിലെ പുനരധി
വാസ മേഖലയിലെ ആയിരകണക്കിന് ആദിവാസികൾക്ക് ഇതോടെ തൂക്കു പാലം മാത്രമായിരിക്കും ആശ്രയം.

പാലത്തിന് അനുവദിച്ചത് 4.50 കോടി

ഒരു വർഷം മുമ്പാണ് വളയംചാലിൽ ചീങ്കണ്ണിപ്പുഴക് കുറുകെയുള്ള തൂക്കു പാലത്തിന് പകരം പുതിയ കോൺക്രീറ്റ് പാലം പണിയുവാൻ 4.50 കോടി രൂപ അനുവദിച്ചത്.