കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് നിബന്ധനകൾക്കു വിധേയമായി കണ്ടെയിൻമെന്റ് സോണുകളിലെ പൊതുവിതരണ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ തുറന്ന് പ്രവർത്തിപ്പിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. റേഷൻ കടകൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാം. തിരക്ക് ഒഴിവാക്കുന്നതിന് റേഷൻ കാർഡിന്റെ അവസാന അക്കത്തിന്റെയോ വാർഡിന്റെയോ അടിസ്ഥാനത്തിൽ വിതരണം ക്രമീകരിക്കണം. കൊവിഡ് മാർഗ്ഗ നിർദേശങ്ങൾ കർശനമായും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
സഹകരണ ബാങ്കുകൾ പരിമിതമായ ജീവനക്കാരെ ഉപയോഗപ്പെടുത്തി 10 മുതൽ ഒരു മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാം. ഇടപാടുകാരെ ബാങ്കിലേക്ക് പ്രവേശിപ്പിക്കാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉൾപ്പടെയുള്ള സേവനങ്ങൾ ഇടപാടുകാരുടെ വീടുകളിൽ എത്തിച്ച് നൽകേണ്ടതാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ മുഖാന്തരം അറിയുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ ബാങ്കുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്.
കടകൾ വൈകിട്ട് 5 വരെ
വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ തുടങ്ങിയവ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ തുറക്കാം. സാധനങ്ങൾ ഹോം ഡെലിവറിയായി മാത്രമേ വിതരണം ചെയ്യാൻ അനുമതിയുള്ളൂ. ഇതിനായി സ്ഥാപനങ്ങൾ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സ്വകാര്യ ഏജൻസികൾ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്താം. കണ്ടെയ്‌മെന്റ് സോണിൽപ്പെട്ടവർ വീടിന് പുറത്ത് പോയി സാധനങ്ങൾ വാങ്ങുന്നതിന് അനുമതിയില്ല. ഈ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വാർഡ് തല ജാഗ്രതാ സമിതികൾ കൈക്കൊള്ളണം.
ബാങ്കുകൾ
ബാങ്കുകൾ രാവിലെ 10 മുതൽ ഒരു മണി വരെ ഇടപാടുകാരെ പ്രവേശിപ്പിക്കാതെ അടിയന്തര പ്രധാന്യമുള്ള മറ്റ് ഔദ്യോഗിക നിർവ്വഹണങ്ങൾക്കായി പരിമിതമായ ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി തുറന്ന് പ്രവർത്തിപ്പിക്കാം. സ്വർണ പണയവുമായി ബന്ധപ്പെട്ട ഇടപാടുകാർക്ക് മാത്രം മുൻകൂട്ടി സമയം അനുവദിച്ച് ഇടപാട് നടത്താം. അത്തരം ഇടപാടുകാരുടെ പേര് വിവരങ്ങൾ മുൻകൂട്ടി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറേണ്ടതാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ മുഖാന്തിരം അറിയുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ ബാങ്കുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്.