തളിപ്പറമ്പ്: കൊവിഡിന്റെ പേരിലുള്ള അടച്ചിടലിനെതിരെ വ്യാപാരികൾ ഇന്ന് തളിപ്പറമ്പിൽ പ്രതിഷേധം നടത്തും. 'ഉപജീവനം ഇല്ലാതെ എന്ത് അതിജീവനം" എന്ന മുദ്രാവാക്യം ഉയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്രതിഷേധം നടത്തും.

രാവിലെ 10 മണിക്ക് മുഴുവൻ വ്യാപാരികളും സ്വന്തം വീട്ടിൽ വെച്ചുതന്നെ പ്ലക്കാർഡ്/ ബ്രോഷർ പിടിച്ചു കൊണ്ട് സോഷ്യൽ മീഡിയ വഴി കാമ്പയിൻ നടത്തിയാണ് പ്രതിഷേധിക്കുക. കഴിഞ്ഞ ലോക്ക്ഡൗണിൽ സഹകരിച്ച വ്യാപാരികൾക്ക് മൊത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും മാനസിക പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ തളിപ്പറമ്പിൽ വീണ്ടും ലോക്ക്ഡൗൺ 3 ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. തങ്ങളുടെ പ്രതിസന്ധികൾ അറിയിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പയിനെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസും ജനറൽ സെക്രട്ടറി വി. താജുദ്ദീനും അറിയിച്ചു.