തലശ്ശേരി: നിയമജ്ഞയാകണമെന്ന ഉൽക്കടമായ ആവേശത്തിൽ, സാമ്പത്തിക പരാധീനതകളെ മറികടക്കാൻ, തളർത്താനാവാത്ത ഇച്ഛാശക്തിയുമായി നിയമ വിദ്യാർത്ഥിനി തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളിയായി. കല്ലാമല ശ്രീധർമത്തിൽ ബിന്ദു- സുധർമൻ ദമ്പതികളുടെ മകൾ തലശ്ശേരി പാലയാട് ക്യാമ്പസിലെ ഏഴാം സെമസ്റ്റർ എൽ.എൽ.ബി വിദ്യാർത്ഥിനി പി.കെ.ശ്രീനിത്യയാണ് തൊഴിൽ കാർഡ് എടുത്ത് തൊഴിലിന് ഇറങ്ങിയത്. തീക്ഷ്ണമായ പരീക്ഷണകാലവും, ഓൺലൈൻ പഠനത്തിനുള്ള ചെലവും കണക്കിലെടുത്താണ് ശ്രീനിത്യയുടെ പുതിയ ചുവടുവയ്പ്പ്. തൊഴിലുറപ്പ് മേറ്റ് ഒ.ടി.വിജിലയുടെ കീഴിലുള്ള സൈറ്റിൽ മണ്ണ്, ജല സംരക്ഷണ പ്രവൃത്തിയിലാണ് ഈ നിയമ വിദ്യാർത്ഥിനി കൈക്കോട്ടുമായി മണ്ണിലിറങ്ങിയത്.
ശ്രീനിത്യയുടെ അമ്മ ബിന്ദു തൊഴിലുറപ്പ് തൊഴിലാളിയാണ്. തൊഴിൽ ചെയ്യുന്ന വിവരം അറിഞ്ഞ് പഞ്ചായത്ത് ഭാരവാഹികളും, കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകരും, സ്ഥലത്തെത്തി ശ്രീനിത്യയെ അഭിനന്ദിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് വി.പി ജയൻ നൽകി. നിയമ വിദ്യാർത്ഥിയുടെ തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള കടന്നു വരവ് അഭ്യസ്തവിദ്യരായവർക്ക് നല്ല ആവേശമാണ് പ്രദാനം ചെയ്യുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് പറഞ്ഞു.
അഴിയൂരിലെ 2900 തൊഴിലാളികൾക്കും ശ്രീനിത്യ വലിയ ആവേശമായി. പ്രതിദിനം 291 രൂപയാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി. അനീതിക്കും, അധർമ്മത്തിനുമെതിരെ പോരാടുകയെന്നത്, വിശപ്പിന്റെ കാഠിന്യ മറിഞ്ഞ ഈ പെൺകുട്ടിയുടെ കുഞ്ഞുനാളിലേയുള്ള മോഹമായിരുന്നു.
ശ്രീനിത്യക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ ഉപഹാരം നൽകുന്നു