board
ഇരിക്കൂർ സാമൂഹിക ആരോഗ്യകേന്ദ്രം

ഇരിക്കൂർ: ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങൾ വരുമ്പോഴും ഇരിക്കൂറിലെ സർക്കാർ ആശുപത്രിയോടുള്ള അവഗണന തുടരുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രമായ ആശുപത്രിയെ കഴിഞ്ഞ സർക്കാർ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്തിയിരുന്നു. 2016ൽ ഉത്തരവിറങ്ങി എങ്കിലും ആശുപത്രി ഇതേവരെ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർന്നിട്ടില്ലെന്നാണ് പ്രധാന പരാതി. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം എന്ന ബോർഡ് തന്നെയാണ് ഇവിടെയിപ്പോഴുമുള്ളത്.

രാത്രികാല ചികിത്സ ആശുപത്രിയിൽ ഇപ്പോഴും അന്യമാണ്. രാത്രികാല ചികിത്സയ്ക്കു വേണ്ടി രണ്ട് ഡോക്ടർമാരെ നിയമിച്ചു എന്ന് പറയുന്നുണ്ടെങ്കിലും നിയമനം കടലാസിൽ ഒതുങ്ങി. മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ഈ ആശുപത്രി. ഇരിക്കൂർ, പടിയൂർ, കല്യാട്, മലപ്പട്ടം, ശ്രീകണ്ഠപുരം, മടന്നൂർ നഗരസഭയിലെ ഏതാനും പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണ് അവഗണനയുടെ കയ്പുനീർ കുടിക്കുന്നത്.

രാത്രികാലങ്ങളിൽ രോഗികളെയും കൊണ്ട് നാട്ടുകാർ ഓടുന്നത് കണ്ണൂരിലേയും തളിപ്പറമ്പിലെയും ആശുപത്രികളിലേക്കാണ്. ജില്ലയിൽ സി.എച്ച്.സികളിൽ പോലും പത്ത് നഴ്സുമാർവരെ ജോലിചെയ്യുന്ന സ്ഥലത്ത് ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ മൂന്ന് പേരാണ് രോഗികളെ ശുശ്രൂഷിക്കുന്നത്. ഇപ്പോഴുള്ളത് 5 കെട്ടിടങ്ങൾ മാത്രമാണ്. പരിമിതിയിൽ വീർപ്പുമുട്ടുകയാണ് രോഗികളും ജീവനക്കാരും. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും എക്സ് റേ സൗകര്യം പോലും ആശുപത്രിയിൽ ഇല്ല.

കിടക്കകൾ ഒന്നുപോലും കൂടിയില്ല

സി.എച്ച്.സി ആയിരുന്നപ്പോൾ രണ്ട് ഡോക്ടർമാർ ഉണ്ടായിരുന്നേടത്ത് താലൂക്ക് ആശുപത്രിയായി ഉയർത്തിയപ്പോൾ അധികമായി നാല് ഡോക്ടർമാരെ നിയമിച്ചു എന്നതല്ലാതെ മറ്റ് തസ്തികകൾ ഒന്നും വർഷം അഞ്ച് കഴിഞ്ഞിട്ടും അനുവദിച്ചിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന 28 കിടക്കകളിൽ ഒന്നുപോലും കൂട്ടിയിട്ടില്ല. ആകെയുള്ളത് മൂന്ന് സ്റ്റാഫ് നഴ്സുമാരും ഒരു ഹെഡ് നഴ്സും മാത്രം. സി.എച്ച്.സി ആയി പ്രവർത്തിച്ചപ്പോൾ ഉണ്ടായിരുന്ന 3 വീതം നഴ്സിംഗ് അസിസ്റ്റന്റുമാരും ഗ്രേഡ് ടു ജീവനക്കാനും മാത്രമേ ഇപ്പോഴും ഉള്ളൂ.

താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും ഇരിക്കൂർ സർക്കാർ ആശുപത്രിയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തും. ഫലപ്രദമായ കിടത്തി ചികിത്സ തുടങ്ങണം. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണം.

കെ.ആർ അബ്ദുൾഖാദർ, പഞ്ചായത്ത് അംഗം