ab-raj

കണ്ണൂർ: സംവിധായകൻ എ.ബി. രാജിന്റെ വേർപാടിൽ' മൗനമായി ദുഃഖിക്കുന്ന 'ഒരു നിശബ്ദ 'കഥാപാത്ര'മുണ്ട് കണ്ണൂരിൽ. രാജിന്റെ ഹിറ്റ് സിനിമയായ കണ്ണൂർ ഡീലക്സിലെ നായകൻ കണ്ണൂർ ഡിപ്പോയിലെ കണ്ണൂർ- തിരുവനന്തപുരം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ്. പ്രേംനസീറും ഷീലയും അടൂർ ഭാസിയും തകർത്തഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലറാണ് കണ്ണൂർ ഡീലക്സ്. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം. കണ്ണൂരിലെ ഒരു സുഹൃത്താണ് എ.ബി. രാജിനോട് ഇങ്ങനെയൊരു ബസ് സർവീസിനെ കുറിച്ച് പറയുന്നത്. തുടർന്ന് രാജ് കണ്ണൂരിൽ വന്ന് ബസ് സർവീസിന്റെ വിശദവിവരങ്ങൾ ആരാഞ്ഞു. അങ്ങനെ സിനിമയിൽ ബസ് പ്രധാന കഥാപാത്രമായി മാറുകയായിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ നിത്യഹരിത ബസ് സർവീസായ കണ്ണൂർ ഡീലക്സ് ഇപ്പോൾ കൊവിഡ് കാലമായതോടെ ഡിപ്പോയിൽ വിശ്രമത്തിലാണ്.

1969ലാണ് ചിത്രം റിലീസായത്. 1967 ലാണ് ബസ് സർവീസ് തുടങ്ങിയത്. അന്ന് 28 സീറ്റുള്ള ബെൻസ് ബസായിരുന്നു. ഇപ്പോൾ ടാറ്റയുടെ ബസാണ്.

സിനിമ ഇങ്ങനെ

തിരുവനന്തപുരം - കണ്ണൂർ ബസിലെ ഒരു മോഷണവും കള്ളനെ പിടിക്കുന്നതുമാണ് കഥ. ചേർത്തലയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ മാതൃകയിലാണ് കള്ളനെ പിടിക്കുന്നത്.

ഐ.വി. ശശി ഈ ചിത്രത്തിൽ സഹസംവിധായകനായിരുന്നു. ശ്രീകുമാരൻ തമ്പി രചിച്ച് ദക്ഷിണാമൂർത്തി ഈണം നൽകി യേശുദാസും ജയചന്ദ്രനും കമുകറയും എസ്. ജാനകിയും പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റായി. തുള്ളിയോടും പുള്ളിമാനേ..., മറക്കാൻ കഴിയുമോ പ്രേമം....,തൈപ്പൂയ കാവടിയാട്ടം..., വരുമല്ലോ രാവിൽ....,എത്ര ചിരിച്ചാലും... എന്നീ പാട്ടുകൾ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട്.