covid

ചീമേനി: കയ്യൂർ-ചീമേനി പഞ്ചായത്ത് പരിധിയിൽ കൊവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടെ ചീമേനി തുറന്ന ജയിലിൽ വിരമിച്ച ഉദ്യോഗസ്ഥന് യാത്രയയപ്പ് സംഘടിപ്പിച്ചത് ആശങ്കയ്ക് ഇടയാക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണത്രെ പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം സ്വദേശിയായ ജോയിന്റ് സൂപ്രണ്ടിന്റെ വിരമിക്കൽ പരിപാടിയാണ് രോഗവ്യാപനം കാരണം കണ്ടെയ്ൻമെൻ സോണായ പഞ്ചായത്തിൽ നടന്നത്. ഭക്ഷണം ഉൾപ്പെടെയുള്ള വിഭവങ്ങൾ നിരത്തിയാണ് ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പരിപാടി സംഘടിപ്പിത്. ആരോഗ്യ പ്രവർത്തകരോ പഞ്ചായത്ത് അധികൃതരോ അറിയാതെ രഹസ്യമായിട്ടായിരുന്നു ആഘോഷം. ജയിൽ ജീവനക്കാരായ അറുപതോളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നാണ് അറിയുന്നത്. അതേസമയം ജയിലിലെ അന്തേവാസികളെ പരിപാടിയിൽനിന്ന് അകറ്റി നിർത്തിയിരുന്നു. സംഭവം പുറത്തറിഞ്ഞിട്ടും ആരോഗ്യ പ്രവർത്തകർ ജയിൽ സന്ദർശിക്കാനോ നടപടികൾ എടുക്കാനോ ഇതേവരെ തയ്യാറായിട്ടില്ല. തിരുവനന്തപുരം അടക്കമുള്ള ജയിലിൽ കൊവിഡ് പടരുന്നതിനിടെയാണ് ചീമേനി തുറന്ന ജയിലിലെ യാത്രയയപ്പ്.