runway

കണ്ണൂർ: സർക്കാരും വിമാനത്താവള നിർമ്മാണ കമ്പനിയും വാക്കുപാലിക്കാത്തിനാൽ മൂന്നൂറിലേറെ കുടുംബങ്ങൾ പെരുവഴിയിൽ. വിമാനത്താവളത്തിന് താഴെ ഭാഗത്തുള്ള കാനാട്, കൂളിപ്പാലം മേഖലയിലെ കുടുംബങ്ങളാണ് ഭൂമിയേറ്റെടുക്കലിന്റെ നൂലാമലകളിൽ കുരുങ്ങിനിൽക്കുന്നത്.

കീഴല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ഇതുകാരണം സ്വന്തം കിടപ്പാടവും ഭൂമിയും ഇഷ്ടാനുസരണം വിനിയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതി. കിയാൽഭൂമി ഏറ്റെടുക്കുന്നത് പൂർത്തിയാകാത്തതിനാൽ പുനരധിവാസവും നടന്നിട്ടില്ല. നിലവിലുള്ള റൺവേയ്ക്ക് താഴെയുളള പത്തു പതിനഞ്ച് കുടുംബങ്ങൾക്ക് മണ്ണിടിച്ചിലും വെള്ളത്തിന്റെ കുത്തൊഴുക്കും മറ്റും കാരണം ഒഴിഞ്ഞു പോവേണ്ടിയും വന്നിരുന്നു. ഇത്തരത്തിൽ ഒഴിഞ്ഞുപോയവർക്ക് വീട് വാടക നൽകുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നാളിതുവരെ ഒരു രൂപ സഹായം ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

നിലവിലുള്ള റൺവേ നാലായിരം മീറ്ററാക്കി ഉയർത്താൻ സംസ്ഥാന സർക്കാരും വിമാനത്താവള കമ്പനിയായ കിയാലും ആറുവർഷം മുമ്പ് ജനവാസ മേഖലയിലെ വീടുകളടക്കം ഏറ്റെടുക്കാൻ തീരുമാനമെടുത്ത് വിജ്ഞാപനം ഇറക്കിയിരുന്നു. നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പും നൽകിയതാണ്. അടയാളപ്പെടുത്തിയ ഭൂമികൾ ക്രയവിക്രയം നടത്താനോ നിർമ്മാണ പ്രവർത്തി നടത്താനോ പാടില്ലെന്ന് ഉടമകൾക്ക് നോട്ടീസും നൽകിയിരുന്നു. എന്നാൽ സർവ്വേ നടത്തി ഭൂമി നിശ്ചയിച്ചതല്ലാതെ തുടർ നടപടികളുണ്ടാകാത്തതാണ് പ്രദേശവാസികളെ കുഴയ്ക്കുന്നത്

വായ്പ കിട്ടില്ല, നിർമ്മാണം നടക്കുന്നില്ല

സ്വന്തം പേരിലുളള ഭൂമി ബാങ്കിൽ പണയപ്പെടുത്താനോ വിൽക്കാനോ വീടുൾപ്പെടെയുളള നിർമ്മാണമോ നടത്താനാവാതെ ജനം വലയുകയാണ്. വിവാഹം, വീട് നവീകരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്കു വായ്പയെടുക്കാൻ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചാൽ റൺവേ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയെന്ന് ചൂണ്ടിക്കാട്ടി വായ്പ നിരസിക്കുകയാണ്. കിയാലും സർക്കാരും മനസ്സുവച്ചാൽ മാത്രമെ ദുരിതം പേറുന്ന മൂന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കൂ.

റൺവേ വിപുലീകരണം 3050 - 4000 മീറ്റർ

സ്ഥലം ഏറ്റെടുക്കേണ്ടത് 300 കുടുംബങ്ങളിൽ നിന്ന്