കാസർകോട്: കൊവിഡ് പശ്ചാത്തലത്തിൽ 'കരുതൽ ക്യാമ്പയിൻ' എന്ന പേരിൽ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് അയൽക്കൂട്ടങ്ങൾ വഴി വിപണനം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചതായി കുടുംബശ്രീ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ക്യാമ്പെയിനിലൂടെ പൊതുജനങ്ങൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ മിതമായ നിരക്കിൽ വീടുകളിൽ എത്തിക്കും. കുടുംബശ്രീ അംഗങ്ങൾ കൃഷിചെയ്യുന്ന വിഷ രഹിത പച്ചക്കറികൾക്കും കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്കും വിപണി കണ്ടെത്തുക സംരംഭ മേഖലയിൽ പണ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.

ജില്ലയിലെ 2500 ചെറുകിട കുടുംബശ്രീ സംരംഭകരിൽ നിന്നും, കുടുംബശ്രീ കർഷക കൂട്ടായിമയിൽ നിന്നുമാണ് ഉത്പന്നങ്ങൾ കണ്ടെത്തിട്ടുള്ളത്, 20,000 കിറ്റുകളാണ് വിപണനത്തിന് തയ്യാറായിട്ടുള്ളത്. 450 രൂപ വിപണി വിലയുള്ള ഉത്പന്നങ്ങൾ 400 രൂപയ്ക്കാണ് വീടുകളിൽ എത്തിച്ചു നൽകുന്നത്. ജില്ലയിലെ മികച്ച അഞ്ചു കുടുംബശ്രീ സി.ഡി.എസുകളിൽ ആ പ്രദേശത്തെ മുഴുവൻ വീടുകളിലും ഓണത്തിന് മുൻപായി കുടുംബശ്രീ ഉത്പന്നങ്ങൾ എത്തിക്കുന്ന ഒരു ബൃഹത്തായ പദ്ധതി കൂടി നടപ്പിലാക്കും.

ജില്ലയിൽ ഹോംഷോപ് സംവിധാനം നല്ലരീതിയിൽ നടന്നുവരുന്നുണ്ട്. വരും മാസങ്ങളിൽ കൂടുതൽ പേരെ ഹോംഷോപ്പിലേക്ക് ഉൾപെടുത്തും. പരിശീലനം ലഭിച്ചിട്ടുള്ള 21 ടൈലറിംഗ് യൂണിറ്റുകൾ നിർമ്മിക്കുന്ന കോട്ടൺ മാസ്‌ക്കുകൾ 25 രൂപക്ക് വീടുകളിൽ എത്തിക്കും. ഏഴു ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്തത് അടുത്ത മാസം വിപണിയിൽ എത്തിക്കാനുള്ള പണിപ്പുരയിലാണ് കുടുംബശ്രീ മിഷൻ. വാർത്താസമ്മേളനത്തിൽ ജില്ല കോ-ഓഡിനേറ്റർ ടി.ടി സുരേന്ദ്രൻ, അസി. കോ ഓഡിനേറ്റർമാരായ ഡി. ഹരിദാസ്, പ്രകാശൻ പാലായി, തതിലേഷ് തമ്പാൻ ജില്ലാ പ്രോഗ്രാം മാനേജർ ഷീബ എന്നിവർ സംബന്ധിച്ചു.