photo
തെരുവ് വിളക്ക് കത്താത്ത പഴയങ്ങാടി പാലത്തിലൂടെയുള്ള കാൽനട യാത്ര

പഴയങ്ങാടി: രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ പിലാത്തറ -പഴയങ്ങാടി -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ച സോളാർ ലൈറ്റുകളിൽ മിക്കവയും കത്തുന്നില്ല. മണ്ടൂർ, അടുത്തില, പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, താവം മേൽപ്പാലം, പാപ്പിനിശ്ശേരി മേൽപ്പാലം എന്നിവിടങ്ങളിലാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്. സ്ഥാപിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പലയിടത്തും ലൈറ്റുകൾ കണ്ണ് ചിമ്മി. അവസാനമായി സ്ഥാപിച്ച താവം മേൽപ്പാലത്തിലും പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്തും പലതും കത്തുന്നില്ല. റോഡിലെ പ്രധാന കവലയായ എരിപുരം പൊലീസ് സ്റ്റേഷൻ കവലയിൽ തെരുവ് വിളക്കുകൾ പൂർണ്ണമായും ഇരുട്ടിലായിട്ട് മാസങ്ങൾ ആയി.

ഇത് കാരണം രാത്രികാലങ്ങളിൽ ഇവിടെ അപകടം പതിവാണ്. സൂര്യതാപത്തിൽ നിന്നും ഊർജ്ജം സംഭരിച്ച് വെക്കേണ്ട ബാറ്ററിക്ക് ഗുണനിലവാരം ഇല്ലാത്തതാണ് ലൈറ്റുകൾ കത്താത്തതിന് കാരണമായി വിദഗ്ദ്ധർ പറയുന്നത്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ അപകടങ്ങൾ പതിവാണ്. റോഡിലെ പ്രധാന സ്ഥലങ്ങളിലെ ലൈറ്റുകൾ കണ്ണ് ചിമ്മുന്നതോടെ കെ.എസ്.ടി.പി റോഡിൽ രാത്രി സഞ്ചാരവും അപകടം നിറഞ്ഞതാകും. വെളിച്ചമില്ലാത്ത പാലത്തിലൂടെയുള്ള കാൽനട സഞ്ചാരവും അപകടം നിറഞ്ഞതാകുന്നു. റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെ സ്ഥാപിച്ച ലൈറ്റുകളിൽ വാഹനങ്ങൾ വന്ന് ഇടിച്ച് തകരുന്നതും നിത്യസംഭവമാണ്. സീബ്രാ ലൈനുകൾക്ക് സമീപം പുതുതായി സ്ഥാപിച്ച മഞ്ഞ സോളാർ സിഗ്നൽ ലൈറ്റുകളിൽ പലതും ദിവസങ്ങൾക്കകം തന്നെ മിഴിയടച്ചു ലൈറ്റുകളും സിഗ്നലുകളും നന്നാക്കി റോഡിലെ അപകടങ്ങൾക്ക് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.