നാലു കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം തകർന്നത് രണ്ടുമാസത്തിനിടെ
തൃക്കരിപ്പൂർ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം തികയുന്നതിനു മുമ്പ് തകർന്നു വീണ മാടക്കാൽ തൂക്കുപാലത്തിന് പകരമായുള്ള മാടക്കാൽ-വടക്കേവളപ്പ് നടപ്പാലം നിർമ്മാണം ആവശ്യമായ ഫണ്ടു ലഭിക്കാത്തതിനാൽ കടലാസിലൊതുങ്ങി.
2013 ൽ നാലു കോടി രൂപ ചെലവിൽ കെൽ നിർമ്മിച്ച പാലം തകർന്നു വീണതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ കമ്പനിയുമായി ധാരണയുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നു മീറ്റർ വീതിയിലും മുന്നൂറു മീറ്റർ നീളത്തിലും ഇരുമ്പ് നടപ്പാലം പണിയുന്നതിനായി കെൽ കമ്പനി 6, 02,49,000 രൂപ എസ്റ്റിമേറ്റ് ഉണ്ടാക്കി ജില്ലാ കളക്ടർക്ക് നൽകിയതായി തീരദേശ വികസന സമിതി സെക്രട്ടറി വി.ടി. ഷാഹുൽ ഹമീദ് വിവരാവകാശ നിയമപ്രകാരം നൽകിയ കത്തിന് മറുപടി ലഭിച്ചു.
ഒരു വർഷം മുമ്പ് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ വികസന സമിതി സെക്രട്ടറി നൽകിയ പരാതി പ്രകാരം തകർന്നടിഞ്ഞ തൂക്കുപാലത്തിന്ന് പകരം മാടക്കാൽ കടവിൽ പുതിയ പാലം പണിത് യാത്രാസൗകര്യം ഒരുക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കെൽ അധികൃതർ എന്നിവർ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ എസ്റ്റിമേറ്റ് കെൽ അധികൃതർ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കുകയും പുതിയ പാലമുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് പാലം നിർമ്മാണം വൈകുന്നതെന്നാണ് സൂചന.
തുടരുന്ന യാത്രാപ്രശ്നം
ഏഴുവർഷം മുമ്പ് തൂക്കുപാലം തകർന്നപ്പോൾ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഇവിടെ ഒരു യന്ത്രവൽകൃത കടത്തുതോണി പഞ്ചായത്ത് ഏർപ്പെടുത്തിയെങ്കിലും രണ്ടു വർഷം മുമ്പ് തോണി കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായി. ജനങ്ങളുടെ യാത്ര ദുഷ്കരമായതോടെ നാട്ടുകാരുടെ കമ്മിറ്റി ഏർപ്പെടുത്തിയ കടത്തു തോണിയാണ് ഇപ്പോൾ ആശ്രയം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതോടെ കടത്തുകാരന് മണ്ണെണ്ണ, പെട്രോൾ എന്നിവയുടെ കാശുപോലും കിട്ടാത്ത അവസ്ഥയിലാണ്.