mobile
അദ്ധ്യാപകൻ സുരേഷ് അന്നൂരിന്റെ അഭ്യർത്ഥന മാനിച്ച് വിദ്യാർത്ഥി ശിഷ്യന്മാർ നൽകിയ മൊബൈൽ ഫോൺ കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അദ്ധ്യാപകൻ സി.കെ.അംഗജൻ, വിദ്യാർത്ഥികൾക്ക് നൽകുന്നു.

പയ്യന്നൂർ: വർഷങ്ങൾക്ക് മുമ്പ് പത്താം ക്ലാസ്സിൽ പഠിപ്പിച്ച വിദ്യാർത്ഥികളോട് തന്റെ ഇപ്പോഴത്തെ ചില ശിഷ്യന്മാർക്ക് ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നുണ്ടെന്നും അവർക്ക് മൊബൈൽ ഫോണിന്റെ അവശ്യമുണ്ടെന്നും അറിയിച്ച അദ്ധ്യാപകന് ഗുരുദക്ഷിണയായി ഫോൺ നൽകി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ.

അപൂർവ്വമായ ഈ ഗുരുശിഷ്യബന്ധത്തിന്റെ കഥയറിയണമെങ്കിൽ ഇരുപത്തിരണ്ട് വർഷങ്ങൾക്കു പുറകിലേക്ക് പോകണം. കവ്വായി ഖായിദേമില്ലത്ത് സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ 1998-99 കാലയളവിൽ പത്താം ക്ലാസ്സിൽ തങ്ങളുടെ ഹിന്ദി അധ്യാപകൻ ആയിരുന്ന സുരേഷ് അന്നൂരിന്റെ അഭ്യർത്ഥനയാണ് പൂർവ്വവിദ്യാർത്ഥികൾ സന്തോഷപൂർവ്വം സ്വീകരിച്ച് സഹായവുമായി രംഗത്തെത്തിയത്. ഇപ്പോൾ കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിന്ദി അധ്യാപകനായ സുരേഷ് അന്നൂർ തന്റെ അദ്ധ്യാപനജീവിതത്തിന് തുടക്കം കുറിക്കുന്നത് കവ്വായിയിലെ വിദ്യാലയത്തിലായിരുന്നു. മൊബൈൽ ഫോൺ ഇല്ലാതെ ഓൺലൈൻ പഠനത്തിൽ വിഷമം അനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇന്നത്തെ തന്റെ ശിഷ്യരായ ചില വിദ്യാർത്ഥികളെ സഹായിക്കണമെന്ന് ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സുരേഷ് മാഷ് അഭ്യർത്ഥിച്ചത്.

ഉടൻ തന്നെ പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ ഗുരു നാഥന്റെ അഭ്യർത്ഥന ഏറ്റെടുത്ത് ഫോൺ ലഭ്യമാക്കുകയായിരുന്നു.

കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ സി.കെ. അംഗജൻ ആവശ്യമായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. പയ്യന്നൂർ ഗാനമേള ആർടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ, പയ്യന്നൂർ ടെക്‌നോക്യുർ എന്നിവയും സുരേഷ് അന്നൂരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകി.