corona

65 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ: ജില്ലയിൽ 76 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 65 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ 2794 ആയി. ഇവരിൽ ഇന്ന്ലെ രോഗമുക്തി നേടിയ 41 പേരടക്കം 1882 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേർ ഉൾപ്പെടെ 26 പേർ മരണപ്പെട്ടു. ബാക്കി 886 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

നിലവിൽ കൊവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത് 10059 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 57642 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 57415 എണ്ണത്തിന്റെ ഫലം വന്നു. 227 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

41 പേർക്കു കൂടി രോഗമുക്തി
ആശുപത്രികളിലും ഫെസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 11 പേരും സെഡ് പ്ലസ് സി.എഫ്.എൽ.ടി.സി, നെട്ടൂർ സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ നിന്ന് 10 പേർ വീതവും രോഗമുക്തി നേടി. നാല് പേർ സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്നാണ് രോഗമുക്തി നേടിയത്. തലശ്ശേരി ജനറൽ ആശുപത്രി, കാലിക്കറ്റ് മിംസ് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന രണ്ട് പേർ വീതവും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

ഡയാലിസിസ് കേന്ദ്രം പ്രവർത്തനം തുടങ്ങി
കൊവിഡ് 19 ന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്ന വൃക്കരോഗികൾക്ക് ഡയലിസിസ് സൗകര്യമൊരുക്കി എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം. ആറ് ഡയാലിസിസ് മെഷീനുകൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. ആവശ്യമായ മരുന്നുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗികളെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ പരിശോധിച്ച ശേഷമാണ് ഡയാലിസിസ് കേന്ദ്രത്തിലേക്കയക്കുക. ഡയാലിസിസിനു മുമ്പ് കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പു വരുത്തും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദ്ദേശപ്രകാരം 1.99 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.