ജോലി വാഗ്ദാനം മുതൽ മന്ത്രവാദത്തിലൂടെ രോഗസൗഖ്യം വരെ തട്ടിപ്പുകൾ പലതാണ് കണ്ണൂരിൽ. തട്ടിപ്പ് സംഘങ്ങൾക്ക് കൊവിഡ് കാലമൊരു തടസമേയല്ല. മറ്റുള്ളവന്റെ കൈയിലെ കാശ് എങ്ങനെയും തന്റെ പോക്കറ്റിലാക്കുമെന്ന ജാലവിദ്യ !. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി വിചിത്രങ്ങളായ തട്ടിപ്പുകളാണ് അരങ്ങേറിയത്.
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും വിമാനത്താവളത്തിൽ കഫറ്റീരിയ തുടങ്ങാൻ അനുമതി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് തലശേരിയിലും പരിസരങ്ങളിലും തട്ടിപ്പ് നടക്കുമ്പോൾ കണ്ണൂർ തെക്കീബസാറിൽ നഷ്ടപ്പെട്ട കേൾവിശക്തി മന്ത്രവാദത്തിലൂടെ തിരിച്ചു തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്. വർഷങ്ങളായി നാട്ടിലില്ലാത്തവരുടെ ഭൂമി തട്ടിയെടുത്ത് സ്വന്തക്കാരുടെയും ബിനാമികളുടെയും പേരിൽ റജിസ്റ്റർ ചെയ്ത് കൊടുക്കുന്ന മറ്റൊരു തട്ടിപ്പ് സംഘവും തലപൊക്കി.
വിമാനത്താവളത്തിലെ ജോലി തട്ടിപ്പ് കേസിൽ മുഖ്യപ്രതികളുടെ ഭാര്യമാരും പങ്കാളികളായി. തട്ടിപ്പിനിരയായിട്ടുള്ളവർ പരാതിയുമായി എത്തുമ്പോൾ പണം തിരിച്ചു നൽകുമെന്ന് ഉറപ്പു നൽകുന്ന എഗ്രിമെന്റിൽ പ്രതികളുടെ ഭാര്യമാരാണ് ഒപ്പു വെച്ചിട്ടുളളത്.
തലശേരി, ചോമ്പാല പൊലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പ് സംഘത്തിനെതിരെ ഒരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തത്. കോടിയേരി കളമുറിക്കണ്ടിയിൽ കശ്യപിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. കശ്യപിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 2018 ൽ അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഇതോടെ ഈ സംഘത്തിനെതിരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മാഹി മേഖലയിലുമായി ഒരു ഡസൻ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നാല് വർഷത്തിനുള്ളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് കണ്ണൂരിലെ ഉന്നത കോൺഗ്രസ് നേതാവുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എയർ പോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചാണ് പ്രതികൾ കോടികളുടെ തട്ടിപ്പ് നടത്തിയത്.
നാട്ടിലില്ലാത്തവരുടെ
സ്വത്ത് തട്ടിയെടുക്കും
വർഷങ്ങളായി നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്തുക്കളും കേസിൽ ഉൾപ്പെട്ട സ്വത്തുക്കളും വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കുന്ന വൻ സംഘം ജില്ലാ രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സംഘത്തിന്റെ ഒത്താശയോടെ 2017 വരെയുള്ള ജില്ലാ രജിസ്ട്രാർ ഓഫീസിലെ വിലപ്പെട്ട രേഖകൾ നശിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. ആധാരം എഴുത്തുകാരാണ് ഈ രജിസ്റ്റർ ഓഫീസ് നിയന്ത്രിക്കുന്നത്. സർക്കാർ ഓഫീസിലെ രേഖകൾ 20 വർഷം വരെ സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെയാണ് രേഖകൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നു പറഞ്ഞ് 2017 വരെയുള്ള രേഖകൾ വൻ സ്വാധീനമുപയോഗിച്ച് പ്രത്യേക അനുമതിയോടെ നശിപ്പിച്ചിട്ടുള്ളത്. ജില്ലാ രജിസ്ട്രാറുടെ ആസ്ഥാനമായ തലശേരിയിൽ സവിശേഷ അധികാരമുള്ള സബ് രജിസ്ട്രാറുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുക്കൾ തട്ടിയെടുത്തിട്ടുള്ളത്. തലശേരിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലയിലെ ഏതു സ്ഥലത്തെ സ്വത്തുക്കളും രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. ഇത്തരത്തിൽ രജിസ്ട്രേഷന് എത്തുന്ന സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ അതത് സബ് രജിസ്ട്രാർ ഓഫീസിൽ വേരിഫിക്കേഷന് അയയ്ക്കണമെന്നാണ് നിയമം. ഇത് സംബന്ധിച്ച രേഖകൾ ഉൾപ്പെടെയാണ് ജില്ലാ രജിസ്ട്രാർ ഓഫീസിൽ നശിപ്പിച്ചിട്ടുള്ളത്.
പ്രാർത്ഥനയിലൂടെ കേൾവിശക്തി
പ്രാർഥനയിലൂടെ കേൾവിശക്തി വീണ്ടെടുക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശിയായ യുവതിയാണ് പിടിയിലായത്. കണ്ണൂർ തെക്കീബസാറിലെ രഞ്ജിനിയാണ് പരാതിക്കാരി. പരാതിക്കാരിയുടെ ഭർത്താവിന് പ്രാർത്ഥനയിലൂടെ കേൾവിശക്തി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. പ്രാർത്ഥനയിലൂടെ ആത്മസിദ്ധി കൈവരിക്കാമെന്ന സമൂഹമാദ്ധ്യമങ്ങളിലെ പരസ്യം കണ്ടാണ് രഞ്ജിനി ധ്യാനകേന്ദ്രം നടത്തിപ്പുകാരി സുനിതയുമായി ബന്ധപ്പെടുന്നത്. രോഗം പൂർണമായും ഭേദമാക്കുമെന്നും കുറച്ച് പണം തരണമെന്നും പ്രതി ആവശ്യപ്പെട്ടു. പണം അടച്ചുകഴിഞ്ഞാൽ ധ്യാനം കൂടാൻ കൊല്ലത്തേക്ക് വരണമെന്നും പറഞ്ഞു. അങ്ങനെയാണ് പണം നൽകിയത്. ഒരു ലക്ഷം രൂപയോളം പോയതല്ലാതെ കേൾവിശക്തി തിരിച്ചു കിട്ടിയില്ല.
വാൽക്കഷ്ണം -
തട്ടിപ്പുകൾ നാട് മുഴുവൻ വാർത്തകളിൽ നിറയുമ്പോഴും ഇരകളുടെ എണ്ണം പെരുകുന്നതാണ് അത്ഭുതം. തട്ടിപ്പിന് തല വച്ചുകൊടുക്കുന്നവർ ഇതിലെ നെല്ലും പതിരും തിരിച്ചറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത.