photo
ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം

പഴയങ്ങാടി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം ഒരുങ്ങി. അഞ്ചരകോടി രൂപ ചെലവിൽ ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കാൻ പദ്ധതിയിട്ടത്. 2017 ജൂലായ് 20ന് മന്ത്രി കെ.ടി.ജലീലാണ് ഇതിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. കെട്ടിട നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ച് ഗ്രാമ വികസന വകുപ്പിൽ നിന്ന് ആദ്യഘട്ട ഫണ്ടായി രണ്ട് കോടി രൂപ അനുവദിച്ചതോടെ 2018 മാർച്ച് മാസത്തിലാണ് പ്രവൃത്തി ആരംഭിച്ചത്.

ബ്ലോക്കിന്റെ പ്ലാൻ ഫണ്ടും തനത് ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ചെറുകുന്ന് താവത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റിലാണ് മൂന്ന് നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ ആധുനിക ഓഫീസ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇരിണാവിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം ആകുന്നതോടെ നിലവിലുണ്ടായിരുന്ന അസൗകര്യത്തിന് പരിഹാരമാകും. കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത അറിയിച്ചു.

പടം: ചെറുകുന്ന് താവത്ത് നിർമ്മിച്ച കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം

വർഷങ്ങളായി വാടക കെട്ടിടത്തിൽ അസൗകര്യങ്ങളോടെ വീർപ്പ്മുട്ടി കഴിയുകയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുകയാണ്. നിലവിലെ ഭരണ സമിതിയുടെ ചരിത്ര നേട്ടമായി രേഖപ്പെടുത്തുന്ന കാര്യാലയത്തിന് കേരള സർക്കാർ നൽകിയ അകമഴിഞ്ഞ പിന്തുണക്ക് പ്രസിഡന്റ് എന്ന നിലയിൽ നന്ദി രേഖപെടുത്തുന്നു.

വി.വി പ്രീത (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)