കാഞ്ഞങ്ങാട്: കുഷ്ഠരോഗം ബാധിച്ചു മുറിച്ച് മാറ്റപ്പെട്ട കാൽപാദങ്ങളിലെ വ്രണങ്ങൾ കഴുകി വൃത്തിയാക്കി കെട്ടിവയ്ക്കുകയാണ് രാജൻ, മൈമൂനയെ സഹായിക്കാൻ ദൈവം നിയോഗിച്ചയാൾ. പടന്നക്കാട് നെഹ്‌റു കോളേജിന് മുമ്പിൽ പുറമ്പോക്കിൽ പ്ലാസ്റ്റിക് മേൽക്കൂരയ്ക്ക് കീഴെയാണ് ഈ കാഴ്ച.
പതിമൂന്ന് വർഷം മുമ്പ് രാജൻ മൈമൂനയെ ആദ്യം കാണുന്നത് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ്. രോഗം ബാധിച്ച് നടക്കാൻ കഴിയാതെ ഒരു മൂലയിൽ പരസഹായത്തിന് യാചിച്ച മൈമൂനയോട് രാജൻ സങ്കടം തിരക്കി. പഴയ സാധനങ്ങൾ പെറുക്കി ജീവിക്കുന്ന തനിക്ക് ആരും ഇല്ലെന്നും ഭർത്താവ് മരണപ്പെട്ടുവെന്നും പരസഹായം ഇല്ലാതെ വേദനമൂലം കാല് കുത്തി നടക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞ മൈമൂനയോട് കൂടെ കൂടിക്കൊളാൻ രാജൻ പറഞ്ഞു.
അന്ന് കൊയിലാണ്ടി മൂത്രപ്പുര നോക്കി നടത്തുന്ന ജോലി ആയിരുന്നു രാജന്. ഇവിടുത്തെ വരുമാനം നിത്യച്ചെലവിന് തികയാതെ വന്നപ്പോൾ മൈമൂനയെ മൂത്രപ്പുര ഏൽപിച്ച് രാജൻ കൂലിവേലയ്ക്ക് പോയിതുടങ്ങി. അതും ശരിയാകാതെ വന്നപ്പോൾ നേരെ മൈമൂനയെയും കൂട്ടി കാഞ്ഞങ്ങാട് വന്നിറങ്ങി ഇക്ബാൽ റോഡിന് സമീപം ക്വാട്ടേഴ്സിൽ താമസം തുടങ്ങി. ഇവിടുത്തെ വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ മറ്റൊരിടം തേടി, അങ്ങിനെയാണ് പടന്നക്കാട്ടെ പുറമ്പോക്കിൽ എത്തിയത്.
ഉത്സവസ്ഥലങ്ങളിൽ നിന്നും മറ്റും കിട്ടുന്ന സഹായം കൊണ്ട് ജീവിതം നയിച്ചു വരവേയാണ് കൊവിഡ് ഇവരെയും തളർത്തിയത്. മിക്ക ദിവസങ്ങളിലും പട്ടിണി.
ആ സമയത്ത് തന്നെയാണ് മറ്റൊരു അതിഥി കൂടി കുടിലിൽ എത്തിയത് .എരുമാട് ഉറൂസിന് പോയപ്പോൾ കണ്ട ആരോരും ഇല്ലാതെ ദേഹമാസകലം പൊള്ളലേറ്റ് കഴിയുകയായിരുന്ന വയോധികനെ കൂടെ കൂട്ടി. കൂരയുടെ പ്ലാസ്റ്റിക് ഷീറ്റിന് അൽപം നീളം കൂട്ടി ഒരു കട്ടിൽ കിടക്കാൻ ഇട്ടു കൊടുത്തു. ഇപ്പോൾ ചോർന്നൊലിക്കുന്ന കൂരയിൽ മൂന്ന് ജീവിതങ്ങൾ. ഒരു ദിവസം ലോക്ക് ഡൗൺ കാലത്ത് വഴിയരികിലൂടെ പോയ സാമൂഹ്യ പ്രവർത്തകൻ നാസർ ഒടയൻചാൽ കാർ നിർത്തി കുടിലിനെ കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് ഇവരുടെ ജീവിത ബുദ്ധിമുട്ടുകൾ അറിയുന്നത്. ഒരു ശുചിമുറി, വൈദ്യുതി വെളിച്ചമുള്ള വീട്, റേഷൻ കാർഡ് ഇതൊക്കെയാണ് രാജനും മൈമൂനയും സ്വപ്നം കാണുന്നത്. റേഷൻ കാർഡിനു വേണ്ടി വാർഡ് കൗൺസിലർ അബ്ദുൾ റസാഖ് തായിലക്കണ്ടി ശ്രമം ആരംഭിച്ചിട്ടുണ്ട്.