കാഞ്ഞങ്ങാട്: കൊവിഡും ലോക്ക് ഡൗണും തളർത്തിയ ഡ്രൈവിംഗ് സ്കൂളുകൾ ഇപ്പോഴും പ്രതിസന്ധിയിൽ. ലൈസൻസിനായി ആറുലക്ഷത്തോളം പേർ കാത്തിരിക്കുമ്പോൾ ടെസ്റ്റുകൾ നീണ്ടുപോവുകയാണ്. അഞ്ചരമാസമായി ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ല. മാർച്ചിനുമുൻപെടുത്ത ലേണേഴ്സ് ലൈസൻസുകളുടെ കാലാവധി സെപ്തംബർ 30 വരെ കേന്ദ്ര സർക്കാർ നീട്ടിയിട്ടുണ്ട്. ഇതുകഴിഞ്ഞാൽ 150 രൂപ ഫീസടച്ച് ലേണേഴ്സ് പുതുക്കേണ്ടിവരും. ജൂലായ് 29ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ അൺ ലോക്ക് മൂന്ന് ഉത്തരവിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഡ്രൈവിംഗ് പഠനവും ടെസ്റ്റും പുനരാരംഭിച്ചു. എന്നാൽ കേരളത്തിൽ അനുമതി നൽകാത്തതാണ് സ്കൂൾ ഉടമകളെയും ജീവനക്കാരെയും പട്ടിണിയിലേക്ക് തള്ളിവിടുന്നത്.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണവർ.
നശിക്കുന്നത് 25,000 വാഹനങ്ങൾ
ഡ്രൈവിംഗ് പഠനം മുടങ്ങിയതോടെ 25,000 പരിശീലന വാഹനങ്ങൾ നശിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ അധികം ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങൾ വിറ്റ് കൈയൊഴിയാനും കഴിയില്ല. ജില്ലകളിൽ 150 മുതൽ 225 വരെയും ഡ്രൈവിംഗ് സ്‌കൂളുകളുണ്ട്. ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കുമ്പോൾ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിന് വലിയതുക വേണ്ടിവരും.
വാഹനങ്ങളുടെ ടാക്സ്, ഇൻഷ്വറൻസ് എന്നിവയൊന്നും അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക്. കോട്ടയത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമ പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തു. അടിയന്തര തീരുമാനങ്ങളും സാമ്പത്തികസഹായവും ഉണ്ടായില്ലെങ്കിൽ നില കൂടുതൽ വഷളാകും.
എം.എസ്.പ്രസാദ് (സംസ്ഥാന സെക്രട്ടറി, ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ)
ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കാൻ കേരളത്തിൽ മാത്രം അനുമതി തരുന്നില്ല. ലേണേഴ്സ് ഫീസിനൊപ്പം ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഫീസ് കൂടിയാണ് സർക്കാർ വാങ്ങുന്നത്. എന്നാൽ ടെസ്റ്റ് നടത്തുന്നില്ല. ആറുമാസമായി ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാരുടെ കുടുംബം പട്ടിണിയിലാണ്.
എം.ജി. പ്രദീപ്കുമാർ (സംസ്ഥാന സെക്രട്ടറി, ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ)
പരിഹാരമുണ്ടാകും
ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ലേണേഴ്സ് ടെസ്റ്റ് നേടിയവരുടെ കാലാവധി കഴിയുന്നത് സംബന്ധിച്ച പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നത് മോട്ടോർ വാഹനവകുപ്പ് ആലോചിക്കുന്നുണ്ട്.
ബരാജീവ് പുത്തലത്ത്,ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ