nelpadam
ഷിംജിത്തിന്റെ വയലറ്റ് നെൽപാടം

പേരാവൂർ: തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്തിന്റെ പച്ചനെൽപ്പാടങ്ങളോട് ചേർന്നു വളരുന്ന വയലറ്റു നിറമുള്ള നെൽച്ചെടികൾ കണ്ണിനും മനസിനും പകരുന്നത് വേറിട്ടൊരു ദൃശ്യാനുഭവം. നാടൻ നെൽവിത്തുകളുൾപ്പെടെ ഇരുനൂറിലധികം നെൽവിത്തുകളുടെ സൂക്ഷിപ്പുകാരനായ ഈ യുവ കർഷകന്റെ പാടത്ത് ഇന്നുള്ളത് നസർബാത്ത് എന്ന ഇനം നെല്ലാണ്. ഉത്തരേന്ത്യയിലെ കർഷകർ ഭംഗി കിട്ടാനും കണ്ണു തട്ടാതിരിക്കാനുമായി നട്ടുപിടിപ്പിക്കുന്ന വയലറ്റ് നിറമുള്ള ഈ നെല്ല് വയലുകളെ അതിമനോഹരമാക്കിയിരിക്കുകയാണ്.

വയനാട്ടിലെ തണൽ എന്ന സംഘടനയിൽ നിന്നാണ് ഷിംജിത്തിന് വിത്ത് ലഭിച്ചത്. ഇത് സംരക്ഷിക്കുന്നതിനായി എല്ലാവർഷവും കൃഷി ചെയ്യാറുമുണ്ട്. ഇത്തവണ മുല്ലപ്പൂവിന്റെ സുഗന്ധമുള്ള ബ്ലാക്ക് ജാസ്മിൻ എന്ന നെല്ലിന് ചുറ്റുമാണ് നസർബാത്ത് വിതച്ചത്.
ഇതിന്റെ അരി മെച്ചപ്പെട്ടതാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വയലറ്റു നിറമായതിനാൽ കളകൾ തിരിച്ചറിയാനും പറിച്ചു കളയാനും എളുപ്പവുമാണ്. മട്ടന്നൂരിനടുത്തുള്ള തില്ലങ്കേരിയിലെ ഷിംജിത്തിന്റെ കൃഷിയിടം ഒരു പാഠപുസ്തകമാണ്. അന്യം നിന്നുപോകുന്ന നടൻ വിത്തുകൾ സംരക്ഷിക്കുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളിലെ കൃഷിയും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കി വളർത്താനുള്ള നിരന്തരമായ ശ്രമത്തിലാണ് ഈ യുവ കർഷക പ്രതിഭ.

50ൽപ്പരം വ്യത്യസ്തയിനം മഞ്ഞളും, ഇഞ്ചിയും, അഞ്ഞൂറിലധികം ഔഷധസസ്യങ്ങൾ, വ്യത്യസ്തമായ കൃഷികൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയെല്ലാംകൊണ്ട് സമ്പന്നമായ ഇദ്ദേഹത്തിന്റെ കൃഷിയിടം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഉൾപ്പെടെ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ധാരാളമാളുകൾ സന്ദർശിച്ചിട്ടുണ്ട്. മികച്ച ജൈവകർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ഷിംജിത്തിന് കൃഷി ഒരു സംസ്കാരമാണ്.

നസർബാത്ത് നെൽവിത്ത്

നെല്ല് വിതയ്ക്കുന്നതിന്റെ കൂടെ നസർബാത്ത് നെൽവിത്ത് പുലിയുടെയും ഗണപതിയുടെയുമൊക്കെ രൂപത്തിൽ വിതയ്ക്കും. പച്ച നിറമുള്ള നെൽപ്പാടത്ത് വയലറ്റ് നിറമുള്ള നെല്ല് പുലിയുടെയും ഗണപതിയുടെയുമൊക്കെ ചിത്രത്തിന്റെ രൂപത്തിൽ വളരുമ്പോൾ കാഴ്ചക്കാരുടെ കൗതുകം വയലറ്റ് നിറമുള്ള ചിത്രത്തിൽ പതിയുന്നതിനാൽ വിശാലമായ നെൽകൃഷിക്ക് കണ്ണു തട്ടില്ലെന്നാണ് ഉത്തരേന്ത്യൻ കർഷകരുടെ വിശ്വാസം.