തലശേരി: രാജ്യത്തെ ഏറ്റവും മികച്ച നിലവാരമുള്ള ആശുപത്രികളുടെ പട്ടികയിൽ ഇനി മലബാർ കാൻസർ സെന്ററും. ഉത്തരകേരളത്തിലെ ഏറ്റവും വലിയ കാൻസർ ചികിത്സാ കേന്ദ്രമായ എം.സി.സിക്ക് ഉന്നത ഗുണനിലവാരത്തിനുള്ള എൻ.എ.ബി.എച്ച് അംഗീകാരം. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ഈ അംഗീകാരം നേടുന്ന ആറാമത്തെ ആശുപത്രിയാണിത്. 2019 മാർച്ചിൽ അന്തിമ മൂല്യനിർണയം കഴിഞ്ഞ സെന്ററിനെ കൊവിഡ് പ്രതിസന്ധി മൂലം ആഗസ്റ്റിലെ അക്രെഡിറ്റേഷൻ കമ്മിറ്റിയിലാണ് പരിഗണിച്ചത്.
എൻ.എ.ബി.എച്ച് അക്രെഡിറ്റേഷനിലൂടെ സെന്ററിലെത്തുന്ന രോഗികൾക്കു ഗുണനിലവാരമുള്ള ചികിത്സയ്‌ക്കൊപ്പം, മുന്തിയ രോഗീസുരക്ഷയും ശരിയായ യോഗ്യതയും പരിശീലനവും ലഭിച്ച മെഡിക്കൽ ജീവനക്കാരുടെ സേവനവും ഉറപ്പാക്കാനാകും. സേവന രംഗത്ത് 20 വർഷം പിന്നിടുന്ന എം.സി.സി ഗുണമേന്മ മികവിനുള്ള മറ്റ് അക്രെഡിറ്റേഷനുകൾ, ലോകോത്തര കാൻസർ ഗവേഷണ പദ്ധതികൾ, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ടുള്ള പാതയിലാണ്.
കൊവിഡ് കാലത്തെത്തിയത് 3400 രോഗികൾ:
കൊവിഡ് പ്രതിസന്ധിയിലും മലബാർ മേഖലയിലെ കാൻസർ രോഗികൾക്കു വലിയൊരാശ്വാസമാകാൻ എം.സി.സിക്കു കഴിഞ്ഞിട്ടുണ്ട്. മൂവ്വായിരത്തിന്നാനുറിലധികം പുതിയ രോഗികളാണ് ഈ കാലയളവിൽ ഇവിടെ ചികിത്സയ്ക്കായി എത്തിയത്. 1240 മേജർ സർജറികളും ആയിരത്തോളം റേഡിയേഷൻ ചികിത്സകളും കൊവിഡ് കാലത്തും നടന്നു. സെന്ററിലെ കൊവിഡ് ലാബിൽ ഇതിനകം മുപ്പത്തിനാലായിരം സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സാ മികവിനും രോഗികളുടെ സുരക്ഷയ്ക്കും എന്നും പ്രാധാന്യം നൽകുന്ന എം.സി.സിക്ക് ഈ അംഗീകാരം പ്രവർത്തനമികവിനുള്ള മറ്റൊരു പൊൻതൂവൽ കൂടിയാണ്.
വികസനത്തിന്റെ പാതയിൽ
മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററാക്കി മാറ്റുന്നതിന്റെ ഭാഗമായ വികസനത്തിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ 562.245 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് ഗവേഷണത്തിനും, പഠനസൗകര്യത്തിനുമായി ഒരുക്കുന്ന പുതിയ കെട്ടിടത്തിൽ ഏകദേശം 450 കിടക്കകളും പത്തു ഓപ്പറേഷൻ തിയേറ്ററുകളും ഇരുപതോളം മജ്ജ മാറ്റിവക്കൽ യൂണിറ്റുകളും നിർമിക്കും. കൂടാതെ വിവിധ പഠന ഗവേഷണ വിഭാഗങ്ങളും, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയും ലഭ്യമാക്കും. കിഫ്ബി വഴി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനെയാണ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചിരിക്കുന്നത്.