മാഹി: ദേശീയപാതയിൽ നിന്നും ചോമ്പാൽ പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡ് ചെളിക്കുളമായി. ദേശീയപാതയ്ക്കും ആരോഗ്യ കേന്ദ്രത്തിനും ഇടയിലുളള 300 മീറ്റർ മാത്രം അകലമുള്ള 'ഡ്രീംസ് ' റോഡ് അഴിയൂർ പഞ്ചായത്തിലെ മണ്ണ് റോഡാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിഞ്ഞു നോക്കാത്തതോടെ ഈ റോഡിലൂടെയുള്ള കാൽനട യാത്ര പോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയാൽ ഇരുവശത്തേക്കും യാത്രക്ക് വളരെ പ്രാധാന്യമുള്ള റോഡാണിത്.
പൊലീസ് സ്റ്റേഷന് പുറമെ ഹെൽത്ത് സെന്റർ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകാനുള്ള വഴിയാണിത്. നിരവധി വാഹനങ്ങളും മറ്റും നിർദ്ദിഷ്ട ചോമ്പാൽ പൊലീസ് സ്റ്റേഷനിൽ എത്താൻ ഈ ദുർഘട വഴിയിലൂടെ പേകേണ്ട അവസ്ഥയാണ്. കാടുമൂടികിടന്ന ഈ റോഡ് കഴിഞ്ഞ ദിവസമായിരുന്നു വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്.
ഇതുവരെ നിരാശ മാത്രം
റോഡ് കടന്നു പോകുന്ന വഴിയിലുള്ള വീട്ടുകാരും മറ്റും നിരവധി തവണ ഈ റോഡ് ഗതാഗത യോഗ്യമാക്കണമെന്നു പഞ്ചായത്തിൽ ആവശ്യപ്പെട്ടെങ്കിലും ഫലം നിരാശമാത്രമായിരുന്നു .റോഡ് മെറ്റൽ ചെയ്ത് ടാറിംഗ് നടത്താൻ പഞ്ചായത്ത് പരിഗണന ലിസ്റ്റിൽ ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അറിയിച്ചു.
ദേശീയ പാതയിൽ നിന്നും സ്റ്റേഷനിലേക്കുള്ള റോഡ് യാഥാർത്ഥമാക്കണം.
എ.ടി ശ്രീധരൻ (ജില്ലാ പഞ്ചയാത്ത് അംഗം)
പ്രദീപ് ചോമ്പാല (താലൂക്ക് വികസനസമിതി അംഗം)