മാഹി: ഗവ: ജനറൽ ആശുപത്രിയിൽ നിന്നു കൊവിഡ് ടെസ്റ്റിന് വിധേയരായവരിൽ അഞ്ച് പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. വളവിൽ, മഞ്ചക്കൽ, പള്ളൂർ എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കും പന്തക്കലിൽ രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ മാഹി ഗവ: ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വേങ്ങാട് നാല് വാർഡുകൾ അടച്ചു
കൂത്തുപറമ്പ്: സമ്പർക്കത്തിലൂടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വേങ്ങാട് പഞ്ചായത്തിലെ നാല് വാർഡുകൾ അടച്ചു. മൈലാടി, കുന്നിരിക്ക, ഊർപ്പള്ളി, കല്ലായി ഭാഗങ്ങളിലാണ് പുതുതായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഊർപ്പള്ളി മേഖലയിലെ റോഡുകൾ പൂർണ്ണമായും അടച്ചിരിക്കയാണ്. ചാമ്പാട് ഊർപ്പള്ളി റോഡ്, ഊർപ്പള്ളി വേങ്ങാട് റോഡ്, പടുവിലായി റോഡ് എന്നിവയാണ് അടച്ചിട്ടിട്ടുള്ളത്. കുന്നിരിക്ക, വണ്ണാന്റെ മെട്ട, ഊർപ്പള്ളി, കല്ലായി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി ടൗണും ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കയാണ്. സമ്പർക്ക സാധ്യത കണക്കിലെടുത്ത് വേങ്ങാട് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത പറഞ്ഞു.