പട്ടുവം: കൂത്താട് മേഖലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ സെസ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ പരിശോധന ആവശ്യപ്പെട്ട് ടി.വി രാജേഷ് എം.എൽ.എ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നൽകി. പട്ടുവത്തെ കൂത്താട് മല പ്രദേശത്ത് മണ്ണിടിച്ചിൽ കാരണം കുന്നിൻ താഴ്വരയിൽ താമസിക്കുന്ന 30 ഓളം വീട്ടുകാർ ആശങ്കയിലാണ്. പശിമയാർന്ന മണ്ണ് നിറഞ്ഞ കുന്നിൽ, കൂറ്റൻ കല്ലുകൾ സ്ഥിതി ചെയ്യുന്നതിനാലും തുടർച്ചയായ മഴമൂലം വെള്ളം ഊർന്നിറങ്ങി മണ്ണ് ഒലിച്ചു പോയതിനാലും കൂറ്റൻ കല്ലുകൾ താഴേക്ക് പതിക്കുകയാണ് ഉണ്ടായത്.
ഇത്തരത്തിൽ കുന്നിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീടുകളുടെ പിറക് വശത്ത് അപകട ഭീഷണിയിൽ നിലകൊള്ളുന്ന ധാരാളം കല്ലുകൾ ഉണ്ട്. കല്ലുകൾ ഭാവിയിലും വീടുകൾക്ക് ഭീഷണിയാണ്. നിലവിൽ വീടുകളിൽ നിന്നു ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. തുർച്ചയായ ജലപ്രവാഹവും മണ്ണിന്റെ ഘടനയും നിമിത്തം പശിമയാർന്ന ക്ലേ കലർന്ന മണ്ണ് താഴേക്ക് പതിക്കുന്നതായിട്ടാണ് ജിയോളജിസ്റ്റിന്റെ പരിശോധനയിൽ കണ്ടെത്തിയത്. സെന്റർ ഫോർ എയർത്ത് സയൻസ് സ്റ്റഡീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ടി.വി രാജേഷ് എം.എൽ.എ ആവശ്യപ്പെട്ടു.