niyamol-
കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി കഴിഞ്ഞ രാവണീശ്വരത്തെ നിയമോൾക്കൊപ്പം സഹായവുമായി എത്തിയ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ

കാസർകോട്: കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി വഴി ശ്രവണശേഷിയും സംസാരശേഷിയും വീണ്ടെടുത്ത രാവണേശ്വരം കുന്നുപാറയിലെ ഏഴുവയസുകാരി നിയമോൾക്ക് അടിയന്തര സർജറിക്കായി 60000 രൂപയും ഓണക്കോടിയും നൽകി മോട്ടോർ വാഹന വകുപ്പിന്റെ കാരുണ്യസ്പർശം. ഒപ്പം അനുജത്തിക്കും കിട്ടി ഓണക്കോടി. കുടുംബത്തിന് ഓണക്കിറ്റും നൽകി.

കുഞ്ഞിന്റെ ചികിത്സക്കായി ഒരു ലക്ഷം രൂപ ചെലവായതിൽ ഒരു പങ്കാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ആറ് ഓഫീസുകളിലെ ജീവനക്കാരുടെ കൂട്ടായ്മ നൽകിയത്. 2019 ലെ പ്രളയകാലത്ത് ഇരിട്ടിക്കടുത്തുള്ള ആദിമോന് ഇത്തരത്തിൽ ശ്രവണ സഹായി വാങ്ങിക്കാനുള്ള സഹായം ജില്ലയിലെ വകുപ്പുദ്യോഗസ്ഥർ നൽകിയിരുന്നു. കോക്ലിയർ ഇംപ്ലാന്റീവ്സ് അസോസിയേഷൻ ആൻഡ്ചാരിറ്റബിൾ സൊസൈറ്റി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വിജേഷ് കണ്ണൂർ വഴിയാണ് ഉദ്യോഗസ്ഥർ ഈ വിവരമറിഞ്ഞത്.

ശ്രവണ സഹായി പിടിപ്പിച്ച ഭാഗത്ത് പഴുപ്പ് വന്നതാണ് നിയമോൾക്ക് വിഷമമുണ്ടാക്കിയത്. ശ്രവണ സഹായി എത്ര കാലം ഉപയോഗിക്കാതിരിക്കുന്നുവോ അതിന് ആനുപാതികമായി കുട്ടി ആർജ്ജിച്ച ശേഷികൾ നഷ്ടപ്പെടുമെന്നതിനാലാണ് അടിയന്തരമായി സർജറി ചെയ്യേണ്ടി വന്നത്.

സർജറിക്കായി മഹാമാരിക്കാലത്ത് ഒരു ലക്ഷം രൂപ സ്വരൂപിക്കൽ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് തിരിച്ചറിഞ്ഞാണ് ഉദ്യോഗസ്ഥർ സഹായവുമായെത്തിയത്. നൂറിൽപരം ഉദ്യോഗസ്ഥരിൽ നിന്നാണ് പണം സ്വരൂപിച്ചത്. കാസർകോട് ആർ.ടി.ഒ എ.കെ രാധാകൃഷ്ണൻ. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ടി.എം. ജേഴ്സൺ എന്നിവർ ചേർന്ന് തുക കൈമാറി. എം.വി ഐമാരായ എം വി ജയൻ , പി.വി.രതീഷ്, ടി. വൈകുണ്ഠൻ എ.എം.വി.ഐമാരായ എം.വി. പ്രഭാകരൻ കെ.വി.ഗണേശൻ, ജിജോ വിജയ്, പ്രവീൺ കുമാർ, വിജേഷ്, ഓഫീസ് പ്രതിനിധികളായ രാജീവൻ എടവലത്ത്, മുഹമ്മദ് ഷാഫി, അശോകൻ, വിജേഷ് കണ്ണൂർ, കുടുംബത്തെ സഹായിച്ചുവരുന്ന നാട്ടുകാരായ പി. രാധാകൃഷ്ണൻ, പി. കെ പ്രജീഷ് എന്നിവരും സാമൂഹിക അകലം പാലിച്ച് സന്നിഹിതരായി. നിയമോൾക്കും കുടുംബത്തിനും ഓണാശംസകൾ നേർന്നാണ് സംഘം മടങ്ങിയത്.