കണ്ണൂർ/ കാസർകോട് : സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമുയർത്തി ഇന്നലെ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും നേതാക്കളും വിവിധയിടങ്ങളിൽ ഇറങ്ങി. കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പൊലീസ് ലാത്തിവീശി.ലാത്തിയടിയിൽ പരിക്കേറ്റ് ബി.ജെ.പി ജില്ലാ സെക്രട്ടറി ബിജു ഏളക്കുഴി, അഴീക്കോട് മണ്ഡലം പ്രസിഡന്റ് സി.സി. രതീഷ് തുടങ്ങിയവർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ സമരക്കാർ കളക്ട്രേറ്റിലെ രണ്ടാം നമ്പർ ഗേറ്റിൽ എത്തിയപ്പോൾ പൊലീസുമായി വാക്ക് തർക്കം ഉണ്ടായി. സമരക്കാരെ പൊലീസ് തടയുന്നതിനിടയിൽ ഉന്തിനും തള്ളിനുമിടയിലാണ് പ്രവർത്തകർക്ക് നേരെ ലാത്തിയടിയുണ്ടായത്. ഇതിനിടെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സമരക്കാർ റോഡ് ഉപരോധിച്ചു. ഡിവൈ.എസ്. പി പി .പി .സദാനന്ദൻ , സി .ഐ പ്രദീപൻ കണ്ണിപൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പി .പി .ഇ കിറ്റ് ധരിച്ച പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറി കെ .പി .പ്രകാശ് ബാബുവാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. സമരക്കാരെ തല്ലിചതച്ച് ചോരയിൽ മുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വരും നാളുകളിൽ സമരവുമായി രംഗത്തിറങ്ങാനാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ .രഞ്ജിത്ത്, കെ. കെ.വിനോദ് കുമാർ, വിജയൻ വട്ടിപ്രം, അരുൺ കൈതപ്രം എന്നിവർ പ്രസംഗിച്ചു.
ഫയൽ കത്തിച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: പ്രതിഷേധാത്മകമായി സർക്കാർ ഫയലുകൾ കത്തിച്ച് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിനു മുന്നിൽ സമരം നടത്തി. ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറിമാരായ കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ, ജോഷി കണ്ടത്തിൽ, ജില്ലാ ഭാരവാഹികളായ വി .രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട, ബ്ലോക്ക് പ്രസിഡന്റുമാരായ എം.കെ വരുൺ, നികേത് നാറാത്ത്, സോനു പേരാവൂർ, മുഹ്സിൻ കീഴ്ത്തള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.സമരക്കാരെ പൊലീസ് ജലപീരങ്കിയുപയോഗിച്ച് പിരിച്ചുവിട്ടു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ അന്യായമായി അറസ്റ്റുചെയ്തതിൽ കാസർകോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാപ്രസിഡന്റ് കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദ റൈ അദ്ധ്യക്ഷത വഹിച്ചു. റോഡ് ഉപരോധിച്ച അഡ്വ.കെ.ശ്രീകാന്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ തുടങ്ങിയവരെ പൊലീസ് ബലമായി അറസ്റ്റുചെയ്ത് നീക്കി.